അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ടോറി പാര്‍ട്ടി തകര്‍ന്നടിയുമെന്നാണ് പ്രവചനങ്ങള്‍. ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്ത് ജനങ്ങള്‍ ടോറി ഭരണത്തിന്റെ ജീവനെടുക്കുമെന്നാണ് കരുതുന്നത്. കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ ഭരണപക്ഷം തകര്‍ന്നടിഞ്ഞതിന് പിന്നാലെ ടോറി എംപിയായ നതാലി എല്‍ഫിക്കി ലേബര്‍ പാര്‍ട്ടിയിലേയ്ക്ക് മറുകണ്ടം ചാടിയത് ഭരണപക്ഷത്തിന് കടുത്ത തിരിച്ചടിയായി. സുനകിന്റെ കീഴില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കഴിവുകേടിന്റെയും വിഭാഗീയതയുടെയും പര്യായമായി മാറിക്കൊണ്ടിരിക്കുക യാണെന്നായിരുന്നു അവരുടെ പ്രാധാന ആരോപണം. ജനപ്രതിനിധി സഭയില്‍ പ്രധാനമന്ത്രിയുടെ ചോദ്യോത്തര പരിപാടി ആരംഭിച്ച ഉടനെയായിരുന്നു നാടകീയ സംഭവങ്ങള്‍ .
രണ്ടാഴ്ച മുമ്പ് കണ്‍സര്‍വേറ്റീവ് എംപിയും മുന്‍ മന്ത്രിയുമായിരുന്ന സാന്‍ പോള്‍ട്ടറും ലേബര്‍ പാര്‍ട്ടിയിലേയ്ക്ക് കൂറു മാറിയിരുന്നു. ടോറി എംപിമാരുടെ കൂറുമാറ്റം ബ്രിട്ടീഷ് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ നാടകീയ നീക്കങ്ങള്‍ക്കാണ് കളമൊരുക്കുന്നത്.
അതേസമയം, പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കുന്ന ടോറി എംപിമാരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ബോറിസ് ജോണ്‍സന് കീഴില്‍ ചാന്‍സലറായി സേവനം നല്‍കിയ നദീം സവാഹിയാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ പോരാടാന്‍ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. സ്ട്രാറ്റ്ഫോര്‍ഡ്-അപ്പോണ്‍-എവോണിനെ പ്രതിനിധീകരിക്കാന്‍ പുതിയ ഊര്‍ജ്ജസ്വലതയുള്ള കണ്‍സര്‍വേറ്റീവ് വരാന്‍ ഇതാണ് ശരിയായ സമയമെന്ന് സവാഹി പ്രഖ്യാപിച്ചു. 2010-ലാണ് ഇദ്ദേഹം ഇവിടെ നിന്നും ആദ്യമായി പാര്‍ലമെന്റില്‍ എത്തുന്നത്.
കഴിഞ്ഞ വര്‍ഷം സവാഹിയെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍ പദവിയില്‍ നിന്നും സുനാകിന് പുറത്താക്കേണ്ടി വന്നിരുന്നു. ടാക്സ് ഇടപാടുകള്‍ സംബന്ധിച്ച് എച്ച്എംആര്‍സി അന്വേഷണത്തില്‍ വിവരങ്ങള്‍ നല്‍കാതെ വന്നത് വിവാദമായതോടെയായിരുന്നു ഇത്. അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കുന്ന 64-ാമത്തെ കണ്‍സര്‍വേറ്റീവ് എംപിയാണ് സവാഹി.