ഏകദേശം 20 വര്‍ഷം മുമ്പ് മോഷണ ശ്രമം തടയുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യ സൂത്രധാരനായിരുന്ന 75 കാരനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.2005 നവംബര്‍ 18-ന് ബ്രാഡ്ഫോര്‍ഡില്‍ ഷാരോണ്‍ ബെഷെനിവ്സ്‌കി എന്ന പോലീസ് കോണ്‍സ്റ്റബിളിനെ വെടിവെച്ച് കൊന്ന പിരണ്‍ ദിത്ത ഖാന്‍ രണ്ട് പതിറ്റാണ്ടോളം പാകിസ്ഥാനില്‍ ഒളിവ് ജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നിന്ന് നാടുകടത്തപ്പെട്ട ഖാനെ, ലീഡ്‌സ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം കൊലപാതക കുറ്റത്തിന് ശിക്ഷിക്കുകയായിരുന്നു.
കൊല്ലപ്പെട്ട ഷാരോണ്‍ ബെഷെനിവ്സ്‌കിയുടെ ധൈര്യവും ജോലിയോടുള്ള പ്രതിബദ്ധതയും അന്നത്തെ ദിവസം അവരുടെ ജീവന്‍ നഷ്ടപ്പെടുത്തി എന്ന് ജഡ്ജി, ജസ്റ്റിസ് ഹില്യാര്‍ഡ് പറഞ്ഞു. അദ്ദേഹം ഖാനോട് പറഞ്ഞു: 'ഞാന്‍ അവര്‍ക്ക് നല്‍കുന്ന പ്രശംസാ വാചകം അവരുടെ നഷ്ടപ്പെട്ട ജീവിതത്തിന് പകരമാകില്ല. ഞാന്‍ പറയുന്ന ഒരു വാചകത്തിനും നിങ്ങള്‍ ചെയ്ത തെറ്റിന് പരിഹാരമല്ല.
ബ്രാഡ്ഫോര്‍ഡിലെ മോര്‍ലി സ്ട്രീറ്റിലെ യൂണിവേഴ്സല്‍ എക്സ്പ്രസ് ട്രാവല്‍ ഏജന്റ്‌സില്‍ നടന്ന സായുധ കവര്‍ച്ചയെ തന്റെ സഹപ്രവര്‍ത്തകയായ പിസി തെരേസ മില്‍ബേണിനൊപ്പം നേരിടുന്നതിനിടെ ബെഷെനിവ്സ്‌കി മാരകമായി ആക്രമിക്കപ്പെടുകയായിരുന്നു. രണ്ട് ഉദ്യോഗസ്ഥരും ഉച്ച കഴിഞ്ഞ 3:30 ന് സംഭവസ്ഥലത്തെത്തി. എന്നാല്‍ അവര്‍ പ്രവേശന കവാടത്തിനടുത്ത് എത്തിയപ്പോള്‍, മൂന്ന് പേര്‍ പരിസരത്ത് നിന്ന് ഇരുവര്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു. പിസി മില്‍ബേണിന് ഗുരുതരമായി പരിക്കേറ്റു.
കൊലപാതകത്തിന് തൊട്ടുപിന്നാലെ, പ്രതി പാകിസ്ഥാനിലേക്ക് കടന്നു കളഞ്ഞ പ്രതിയെ 2020 ജനുവരിയില്‍ പാക് അധികാരികള്‍ അറസ്റ്റ് ചെയ്യുകയും 2023-ല്‍ യുകെയ്ക്ക് കൈമാറുകയും ചെയ്യുകയായിരുന്നു.
ഹൃദ്രോഗവും നടുവേദനയുമുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ തനിയ്ക്ക് ഉണ്ടെന്ന് ഖാന്‍ കോടതിയെ അറിയിച്ചപ്പോള്‍, നിയമത്തെ വെട്ടിച്ച് രാജ്യം വിട്ട നിങ്ങള്‍ നിങ്ങള്‍ക്ക് ചെറുപ്പവും ആരോഗ്യവും ഉള്ള കാലങ്ങളില്‍ സ്വാതന്ത്ര്യത്തിലായിരുന്നല്ലോ എന്ന് ജഡ്ജി തിരിച്ചു ചോദിച്ചു. ഖാന്റെ പ്രായം കാരണം അവസാന വര്‍ഷങ്ങളില്‍ അയാള്‍ അവിടെ മരിക്കേണ്ടി വരുമെന്ന് പ്രതിവാദം ഉന്നയിച്ച പീറ്റര്‍ റൈറ്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.