ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ശമ്പള തര്‍ക്കത്തിനും അതൂമൂലം ഉണ്ടായ സമര പരമ്പരകള്‍ക്കും പരിസമാപ്തിയാകുമോ? ആയേക്കുമെന്ന സൂചന നല്‍കി ഒരു സ്വതന്ത്ര മധ്യസ്ഥതനുമായി ചര്‍ച്ചയ്ക്ക് സമ്മതിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്ടര്‍മാരും സര്‍ക്കാരും.ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) ആണ് ഇക്കാര്യം അറിയിച്ചത്. നാലാഴ്ച വരെ നീളുന്ന ചര്‍ച്ചകള്‍ക്ക് പ്രശ്്‌ന പരിഹാരം ഉണ്ടാക്കാന്‍ സഹായിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഎംഎ പറഞ്ഞു.
ഡിസംബറില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് ശേഷം ഔപചാരികമായ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. അതിനാല്‍ തന്നെ ഇത് ഒരു സുപ്രധാന ചുവടുവയ്പാണെന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പ് പറഞ്ഞു. 2023 മാര്‍ച്ച് മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ നിരവധി വാക്കൗട്ടുകള്‍ ഉണ്ടായിട്ടുണ്ട്.
ഇതുവരെ പേര് വെളിപ്പെടുത്താത്ത ഒരു സ്വതന്ത്ര മധ്യസ്ഥനുമായി ഇരുപക്ഷവും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന വസ്തുത വെളിച്ചം വീശുന്നത് പ്രശ്‌നപരിഹാരത്തിനായി ഇരു പക്ഷവും ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേക്കുമെന്ന സൂചനയിലേയ്ക്കാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഘട്ടംഘട്ടമായി 35% ശമ്പള വര്‍ദ്ധനവാണ് ബിഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ശരാശരി 9 ശതമാനത്തില്‍ താഴെ മാത്രം ശമ്പള വര്‍ദ്ധനവാണ്് മന്ത്രിമാര്‍ വാഗ്ദാനം ചെയ്തത്. അതിലും ഉയര്‍ന്നത് സര്‍ക്കാരിന് താങ്ങാനാവില്ലെന്നും മന്ത്രിമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ശമ്പളവുമായി ബന്ധപ്പെട്ട ഈ തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള വഴി കണ്ടെത്തുന്നതായിരിക്കും പുതിയ ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യം.
തങ്ങള്‍ സര്‍ക്കാരിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാനുള്ള വഴികള്‍ തേടുകയാണെന്നും ഒരു മധ്യസ്ഥന്റെ ഇടപെടല്‍ വിശ്വസനീയമായ ഒരു പരിഹാരത്തില്‍ എത്തുമെന്ന പ്രതീക്ഷ തങ്ങളില്‍ ഉയര്‍ത്തിയെന്നും ജൂനിയര്‍ ഡോക്ടേഴ്സ് കമ്മിറ്റിയുടെ കോ-ചെയര്‍മാരായ ഡോ. റോബ് ലോറന്‍സണും ഡോ. വിവേക് ത്രിവേദിയും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
മധ്യസ്ഥ ചര്‍ച്ചയില്‍ സന്തോഷമുണ്ടെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിന്‍സ് പറഞ്ഞു. ഇത് മുന്നോട്ടുള്ള വഴി നല്‍കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.