ഐ.പി.എല്‍ 17ാം സീസണിലെ പ്രകടന മികവിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച ഐ.പി.എല്‍ ഇലവനില്‍ നായകനായി സഞ്ജു സാംസണ്. പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക് ഇന്‍ഫോ തെരഞ്ഞെടുത്ത ഐ.പി.എല്‍ ഇലവനിലാണ് സഞ്ജു ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി സ്ഥാനം പിടിച്ചത്.
കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് ശ്രേയസ് അയ്യരേയും റണ്ണേഴ്സപ്പായ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്സീനും ടീമില്‍ ഇടംലഭിച്ചില്ല. ക്വാളിഫയര്‍ രണ്ടില്‍ ഹൈദരാബാദിനോട് തോറ്റെങ്കിലും രാജസ്ഥാനായി സീസണിലുടനീളമുള്ള സഞ്ജുവിന്റെ ക്യാപ്റ്റന്‍സി പരിഗണിക്കുകയായിരുന്നു.
ഓപ്പണര്‍മാരായ ആര്.സി.ബി താരം വിരാട് കോലിയും കൊല്‍ക്കത്ത താരം സുനില്‍ നരെയ്നും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറിലാണ് സഞ്ജുവിന്റെ സ്ഥാനം. സഞ്ജുവിന്റെ സഹതാരവും റണ്‍വേട്ടയില്‍ മൂന്നാമതുമായ റിയാന്‍ പരാഗാണ് നാലാം നമ്പറില്‍ ബാറ്റിംഗിന് ഇറങ്ങുന്നത്.
ലഖ്നൗവിനായി തകര്‍ത്തടിച്ച നിക്കോളാസ് പുരാന് അഞ്ചാമത് എത്തുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വെടിക്കെട്ട് ബാറ്റര്‍ ട്രൈസ്റ്റന്‍ സ്റ്റബ്സും ഇടംപിടിച്ചു. കൊല്‍ക്കത്തയുടെ ആന്ദ്രെ റസലാണ് ഫിനിഷറുടെ റോളില്‍ ഇറങ്ങുന്നത്. സ്പെഷലിസ്റ്റ് സ്പിന്നറായി ഡല്‍ഹിയുടെ കുല്‍ദീപ് യാദവ് സ്ഥാനംപിടിച്ചു.
കൊല്‍ക്കത്തയുടെ യുവതാരം ഹര്‍ഷിത് റാണ, മുംബൈ ഇന്ത്യന്‍സിന്റെ ജസ്പ്രീത് ബുംറ, രാജസ്ഥാന് റോയല്‍സിന്റെ സന്ദീപ് ശര്‍മ എന്നിവരാണ് പേസര്‍മാരായി ക്രിക് ഇന്‍ഫോയുടെ ഐപിഎല്‍ ഇലവനില്‍ ഇടം നേടിയത്.