കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ പോയ പെണ്‍കുട്ടിക്ക് നേരെ അഞ്ജാതന്റെ ആക്രമണം. കുട്ടിയില്‍ നിന്നും പൈസ തട്ടിപ്പറിക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ച കുട്ടിയുടെ മുടി മുറിക്കുകയും ചെയ്തു.
ചേപ്പനം ചാത്തമ്മയില്‍ ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. കടയില്‍ സാധനം വാങ്ങാന്‍ പോയ ഏഴാം ക്ലാസ്സുകാരിയെ ആണ് തടഞ്ഞുനിര്‍ത്തി പണം തട്ടിയെടുത്തത്. തൊപ്പിധരിച്ച് ഇരുചക്ര വാഹനത്തില്‍ എത്തിയ യുവാവ് ആണ് എന്നാണ് കുട്ടി നല്കുന്ന വിവരം.
കുട്ടി കടയിലേക്ക് പോകും വഴിയില്‍ ഇയാള്‍ പെണ്‍കുട്ടിയെ തടയുകയായിരുന്നു. കുട്ടിയില്‍ നിന്നും കടയില്‍ നിന്ന് സാധനം വാങ്ങാല്‍ ഏല്‍പ്പിച്ച 100 രൂപ യുവാവ് പിടിച്ചു പറിച്ചു. ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പെണ്‍കുട്ടിയുടെ നേരെ കത്രിക നീട്ടുകയായിരുന്നു. എതിര്‍ത്തപ്പോഴാണ് മുടി കത്രിക ഉപയോഗിച്ച് മുറിച്ചത്. ആ സമയത്ത് റോഡില്‍ ആരും ഉണ്ടായിരുന്നില്ല.
കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തിയ പെണ്‍കുട്ടി പറഞ്ഞ വിവരം അനുസരിച്ച് വീട്ടുകാരും അയല്‍ക്കാരും പ്രദേശത്ത് തെരഞ്ഞെങ്കിലും ആളെ കിട്ടിയില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടിയുടെ അച്ഛന് പനങ്ങാട് പൊലീസില്‍ പരാതി നല്കി. വനിതാ പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.