കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഈ രോഗാവസ്ഥ പക്ഷെ മദ്യപാനം മൂലം മാത്രമല്ല ഉണ്ടാകുന്നതെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഒരാളുടെ വളരെ ഉദാസീനമായ ജീവിതശൈലി കൊണ്ടും രോഗം പിടിപെടാം. ഇപ്പോഴിതാ ഫാറ്റി ലിവര്‍ രോഗം ചെറിയ കുട്ടികള്‍ക്കും വന്നേക്കാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.
ദിവസത്തില്‍ ആറ് മണിക്കൂറില്‍ കൂടുതല്‍ ചടഞ്ഞിരിക്കുന്ന കുട്ടികള്‍ക്ക് കടുത്ത ഫാറ്റി ലിവര്‍ രോഗവും കരള്‍ സിറോസിസും വരാനുള്ള സാധ്യത കൂടുതലെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഫിന്‍ലന്‍ഡിലെ ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. നേച്ചേഴ്സ് ഗട്ട്& ലിവര്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കുട്ടികള്‍ അടങ്ങി ഇരുന്ന് സ്ക്രീന്‍ സ്പേസിനായി സമയം കണ്ടെത്തുന്ന ഈ സമയത്താണ് ഇത്തരമൊരു പഠനത്തിന് പ്രസക്തി. ശരീരം അനങ്ങാതെയും പുറത്തു പോയി കുട്ടികളുമായി കളിക്കാതെയും ഗെയിമിനും കാര്‍ട്ടൂണിനും മുന്നില്‍ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരിലാണ് പില്ക്കാലത്ത് ഫാറ്റിലിവറിനും ലിവര്‍ സിറോസിസിനുമുള്ള സാധ്യത ഉള്ളത്.
ഉദാസീനമായിരിക്കുന്ന ആറ് മണിക്കൂര്‍ കഴിഞ്ഞുള്ള ഓരോ അരമണിക്കുര്‍ കൂടുമ്പോഴും ഇത്തരക്കാരില്‍ ഇരുപത്തിയഞ്ച് വയസ്സ് ആകുന്നതിനുമുമ്പേ ഫാറ്റി ലിവര്‍ ഡിസീസിനുള്ള സാധ്യത പതിനഞ്ച് ശതമാനം കൂട്ടുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. വയറിന്റെ മുകളില്‍ വലതുവശത്തായി വേദന, കരളില്‍ നീര്‍വീക്കം, അടിവയറ്റിലെ വീക്കം, അമിത ക്ഷീണം, മുഖത്തെ വീക്കം, വായയ്ക്കും കഴുത്തിനും സമീപമുള്ള ഇരുണ്ട ചര്‍മ്മം, ചര്‍മ്മത്തിലെ ചൊറിച്ചില്‍, ഒരു കാരണവുമില്ലാതെ ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, മനംമറിച്ചില്‍, വയറിളക്കം തുടങ്ങിയവയൊക്കെ ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയാകാം.