ഞൊടിയിടയില്‍ തയ്യാറാക്കാന്‍ സാധിക്കുന്നതും എല്ലാവരുടെയും നാവില്‍ സ്വാദ് നിറയ്ക്കുന്ന ആഹാരമാണ് മാഗി. ഇപ്പോഴിതാ തങ്ങളുടെ ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുത്തന്‍ ആശയവുമായി എത്തിയിരിക്കുകയാണ് കമ്പനി.
നൂഡില്‍സിനൊപ്പം ഭക്ഷ്യയോഗ്യമായ ഫോര്‍ക്കും നല്‍കുകയാണ് മാഗി. നിലവില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട മെട്രോ നഗരങ്ങളില്‍ മാഗി മസാല കപ്പ് ന്യൂഡില്‍സും ഭക്ഷ്യയോഗ്യമായ ഫോര്‍ക്കും ലഭ്യമാണ്. 79.5 ഗ്രാമിന്റെ പാക്കിന് 50 രൂപ മുതലാണ് വില. ഗോതമ്പ് പൊടിയില്‍ നിര്‍മിച്ചിരിക്കുന്ന ഫോര്‍ക്ക് മാഗി നൂഡില്‍സിന്റെ രുചി അനുഭവത്തെ വേറിട്ടതാക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.
ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ വലിയ മാറ്റങ്ങളുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2020ല്‍ 'രാജ്യത്തിനായി 2 മിനുട്ട്' കാമ്പയിന് മാഗി തുടക്കമിടുന്നത്. ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിച്ചുകളയുന്ന പ്ലാസ്റ്റിക്കിന് പകരമായി സുസ്ഥിരമായ മറ്റൊരു ബദല്‍ വാഗ്ദാനം ചെയ്യുക എന്നത് കാമ്പയിനിന്റെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് തൃശൂല എന്ന ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുമായി ചേര്‍ന്ന് ഭക്ഷ്യയോഗ്യമായ ഫോര്‍ക്ക് നെസ്ലേ അവതരിപ്പിച്ചത്.
ഗ്ലോബല്‍ പാക്കേജിംഗ് വൈദഗ്ധ്യവും പ്രാദേശിക പാക്കേജിംഗ് വിദഗ്ധരുടെ അഭിപ്രായങ്ങളും ചേരുമ്പോള്‍ പ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കുന്നതിനായുള്ള നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുവാന്‍ സാധിച്ചതായി കമ്പനി പ്രതികരിച്ചു. പുതിയ പാക്കേജിംഗ് മെറ്റീരിയലുകളും നൂതന സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക് ഉപഭോഗത്തില്‍ ഗണ്യമായ കുറവ് വരുത്തുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക്കിന് ബദലായുള്ള മാര്‍ഗങ്ങള്‍ പ്രാദേശിക ഉപഭോക്താക്കളിലേക്ക് എത്തിക്കുമെന്നും നെസ്ലേ R&D സെന്റര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മേധാവി ജഗ്ദീപ് മരാഹര്‍ പറഞ്ഞു.