വിമാനയാത്രകളില്‍ പലര്‍ക്കും ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങള്‍ ഭക്ഷണവും മദ്യവും ആയിരിക്കും. ഇഷ്ടമുള്ള ഭക്ഷണങ്ങളും മദ്യവും എല്ലാം വിളമ്പുന്ന അന്താരാഷ്ട്ര യാത്രാ വിമാനങ്ങള്‍ ഉണ്ട്. പലരും ദീര്‍ഘസമയമുള്ള യാത്രകള്‍ക്ക് വിമാനത്തിലിരുന്ന് മദ്യപിക്കാന്‍ താല്പര്യപ്പെടുന്നവരാണ്. ഇന്ത്യയില്‍ സര്‍വ്വീസ് നടത്തുന്ന പല എയര്‍ലൈനുകളും ഫ്ലൈറ്റുകളില്‍ ലഹരിപാനീയങ്ങള്‍ നല്‍കാറുമുണ്ട്.
പക്ഷെ ഉയരങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ മദ്യപാനം ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദീര്‍ഘദൂര യാത്രയ്ക്കിടെ മദ്യം കഴിക്കുന്നതും പിന്നീട് ഉറങ്ങുന്നതും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വലിയ തോതില്‍ വര്‍ധിപ്പിക്കും എന്ന് ഗവേഷണങ്ങള്‍ പറയുന്നു.
വിമാനത്തിലെ വായു മര്‍ദ്ദം കുറയുകയും അത്തരം അവസ്ഥയില്‍ മദ്യം കഴിച്ച ശേഷം ഉറങ്ങുകയും ചെയ്യുന്നത് ആളുകളുടെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയ്ക്കുന്നു എന്നും പഠനങ്ങള്‍ പറയുന്നു. ഇത് അവരുടെ ഹൃദയമിടിപ്പ് വീണ്ടും വര്‍ധിപ്പിക്കുന്നു.
ജര്‍മന്‍ എയ്റോസ്പേസ് സെന്ററിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിനിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനമാണ് ഉയരവും മദ്യപാനവും തമ്മിലുള്ള ബന്ധത്തെ പുറത്ത് കൊണ്ട് വന്നത്. മദ്യപാനവും വിമാന ക്യാബിനിലെ 'ഹൈപ്പോബാറിക്' അവസ്ഥയും സംയോജിപ്പിച്ച് ഉറക്കത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചാണ് സംഘം പഠനം നടത്തിയത്.
18 നും 40 നും ഇടയില്‍ പ്രായമുള്ള ആരോഗ്യമുള്ള ഒരു കൂട്ടം വ്യക്തികളില്‍ പകുതി പേരെ ഒരു അറയില്‍ പാര്‍പ്പിച്ച് അവിടെയുള്ള അന്തരീക്ഷമര്‍ദ്ദം വിമാനത്തിന്റെ ക്രൂയിസിങ് ഉയരത്തിന്റെ അന്തരീക്ഷത്തിലേക്ക് പാകപ്പെടുത്തിയാണ് പഠനം നടത്തിയത്. ഉയരം കൂടും തോറും ഉറക്കത്തില്‍ ഹൃദയമിടിപ്പ് വര്‍ധിക്കുകയും ഓക്സിജന്റെ അളവ് കുറയുകയും ചെയ്യുന്നതായാണ് കണ്ടെത്തല്‍.