റെസ്റ്റോറന്റില്‍ പോയി ഓര്‍ഡര്‍ ചെയ്ത് മറ്റൊന്ന് ലഭിക്കുമ്പോള്‍ ആര്‍ക്കായാലും ഒരു ദേഷ്യം തോന്നും. എന്നാല്‍ അങ്ങനെ ഓര്‍ഡര്‍ ചെയ്ത് മറ്റൊന്ന് ലഭിക്കുമ്പോള്‍ അത് സന്തോഷത്തോടെ സ്വീകരിക്കുന്ന ഒരു റെസ്റ്റോറന്റ് ഉണ്ട്. ടോക്കിയോയിലെ ഒരു റെസ്റ്റോറന്റ് ആണ് ഇത്തരത്തില്‍ വ്യത്യസ്തമായ സേവനം ലഭിക്കുന്നത്.
ഇവിടെയെത്തി നിങ്ങള്‍ സൂപ്പ് ഓര്‍ഡര്‍ ചെയ്താല്‍ ചിലപ്പോള്‍ കിട്ടുന്നത് കോഫി ആയിരിക്കും. ഗ്രില്‍ ചെയ്ത മത്സ്യം ഓര്‍ഡര്‍ ചെയ്താല്‍ ചിലപ്പോള്‍ പച്ചവെള്ളം കിട്ടിയേക്കാം. പക്ഷെ എല്ലാം തലതിരിച്ചാണ് ലഭിക്കുന്നത്.
കേള്‍ക്കുമ്പോള്‍ തന്നെ അത്ഭുതം തോന്നുന്നുണ്ടല്ലേ? എന്നാല്‍, അത്ഭുതപ്പെടേണ്ട അങ്ങനെയൊരു റെസ്റ്റോറന്റുണ്ട്. ഇവിടെയൊന്നുമല്ല, പറഞ്ഞല്ലോ അങ്ങ് ജപ്പാനിലെ ടോക്കിയോയില്‍. 'റെസ്റ്റോറന്റ് ഓഫ് മിസ്റ്റേക്കണ്‍ ഓര്‍ഡേഴ്സ്' എന്നാണ് ഈ റെസ്റ്റോറന്റിന്റെ പേര്. ഇവിടുത്തെ ജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നതിന് ഒരു കാരണമുണ്ട്. ഡിമെന്‍ഷ്യ ബാധിതരാണ് അവരെല്ലാവരും.
ഡിമെന്‍ഷ്യയെ കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധം വിശാലമാക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഈ റെസ്റ്റോറന്റ് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെയെത്തിയാല്‍ പരസ്പര കലഹങ്ങളോ വാക്കുതര്‍ക്കങ്ങളോ ഇല്ല, പകരം എങ്ങും മുഴങ്ങി കേള്‍ക്കുന്നത് പൊട്ടിച്ചിരികള്‍ മാത്രമായിരിക്കും. തങ്ങള്‍ക്ക് കിട്ടുന്ന തെറ്റായ ഭക്ഷണ വിഭവങ്ങള്‍ ആസ്വദിച്ചു കഴിക്കുന്നവരെയാണ് ഇവിടെ കാണാനാവുക. ആര്‍ക്കും ആരോടും പരാതിയും പരിഭവവും ഇല്ല. മറിച്ച് കിട്ടിയതില്‍ സംതൃപ്തി മാത്രം.
ഒരു ജാപ്പനീസ് ടെലിവിഷന്‍ ഡയറക്ടര്‍ ആയ, ഷിറോ ഒഗുനിയാണ് ഈ റെസ്റ്റോറന്റ് തുടങ്ങിയത്. ഡിമെന്‍ഷ്യ, അള്‍ഷിമേഴ്സ് തുടങ്ങിയ അവസ്ഥകളോടുള്ള പൊതുജനങ്ങളുടെ വിമുഖതയും ധാരണയും മാറ്റുക. അങ്ങനെയുള്ളവരോട് അനുഭാവപൂര്‍വം പെരുമാറുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ തികച്ചും വ്യത്യസ്തമായ റെസ്റ്റോറന്റ് തുടങ്ങാന്‍ കാരണമായിത്തീര്ന്നതത്രെ.