എവിടെയെങ്കിലും ഏതെങ്കിലും ബാറുകളില്‍ പ്രവേശനത്തിന് പ്രായം ഒരു മനദണ്ഡമുണ്ടെന്ന് കേട്ടുണ്ടോ? എന്നാല്‍ അത്തരത്തില്‍ ഒരു ബാര്‍ ഉണ്ട്. യുഎസ്എയിലെ മിസോറിയിലെ ഫ്ലോറിസന്റിലുള്ള ഒരു കരീബിയന്‍ ഫുഡ് റെസ്റ്റോറന്റ് ആണ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.
ബാര്‍ റെസ്റ്റോറന്റ് സന്ദര്‍ശിക്കാന്‍ സ്ത്രീകള്‍ക്ക് കുറഞ്ഞത് 30 വയസും പുരുഷന്മാര്ക്ക് 35 വയസ്സും ആകണമത്രെ. ബ്ലിസ് റെസ്റ്റോറന്റ് എന്ന ഈ റെസ്റ്റോറന്റ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. റെസ്റ്റോറന്റിന്റെ സെക്സി അന്തരീക്ഷം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു പ്രായപരിധി നിയന്ത്രണം എന്നാണ് റെസ്റ്റോറന്റ് വ്യക്തമാക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ റെസ്റ്റോറന്റിന്റെ ഈ പ്രായപരിധി നിയന്ത്രണം ആവശ്യമാണോ എന്ന ചര്‍ച്ച മുറുകുകയാണ്.
എന്നാല്‍ റസ്റ്ററന്റിനെ പിന്തുണച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഒരു ഫേസ്ബുക്ക് ഉപയോക്താവ് എഴുതിയത്, ''അതെ, ഞാന്‍ ഇവിടുത്തെ അന്തരീക്ഷവും സൗകര്യങ്ങളും പൂര്‍ണ്ണമായും ഇഷ്ടപ്പെടുന്നു! ഈ നിയന്ത്രണത്തില്‍ ഒരു മാറ്റവും വരുത്തരുത് ഇത് ഇങ്ങനെ തന്നെ തുടരണം'' എന്നാണ്. എന്നാല്‍, പ്രതികൂലിച്ച് എത്തിയവരില്‍ ഒരു യുവതി കുറിച്ചത്, ''ഈ നയം തന്നെ തീര്‍ത്തും നിരാശപ്പെടുത്തുന്നു'' എന്നാണ്. കാരണം തനിക്ക് 30 വയസ്സായി, പക്ഷേ കാമുകന് 35 വയസ്സാകാന്‍ ഇനിയും രണ്ടുവര്‍ഷം എടുക്കുമെന്നും അതുവരെ റെസ്റ്റോറന്റില്‍ പ്രവേശിക്കാന്‍ സാധിക്കില്ല എന്നുമാണ് യുവതിയുടെ പരാതി.