എക്സില്‍ പുതിയ മാറ്റങ്ങളുടെ പുതുമഴയാണ് ഒരുങ്ങുന്നത്. അതില്‍ ഏറ്റവും പ്രധാനമാണ് ഇനി ഉപഭോക്താക്കളുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന ലൈക്കുകള്‍ ഹൈഡ് ചെയ്യാന്‍ സാധിക്കുമെന്നാണ് പുതിയ ഫീച്ചറില്‍ പറയുന്നത്. ഡിഫോള്‍ട്ട് ആയി എല്ലാ എക്സ് ഉപഭോക്താക്കളുടേയും ലൈക്കുകള്‍ ഹൈഡ് ചെയ്യപ്പെടും. ഇനി എല്ലാവരുടെയും പ്രൈവറ്റ് ലൈക്കുകള്‍ ആയിരിക്കും. അതായത് നിങ്ങള്‍ ആരുടേയെങ്കിലും പോസ്റ്റ് ലൈക്ക് ചെയ്താല്‍ അക്കാര്യം മറ്റാരും അറിയില്ല എന്നാണ് പ്രത്യേകത.
ഉപഭോക്താക്കള്‍ക്ക് സ്വതന്ത്രമായും സ്വകാര്യമായും പോസ്റ്റുകള്‍ക്ക് ലൈക്ക് കൊടുക്കാന്‍ ഇതുവഴി സാധിക്കും. ലൈക്കുകളുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് നേരെയുള്ള സൈബറാക്രമണങ്ങള്‍ തടയാനാണ് ഈ നീക്കം. ലൈക്ക് ചെയ്തതിന്റെ പേരില്‍ ആക്രമിക്കപ്പെടാതെ ആളുകളെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യാന്‍ അനുവദിക്കേണ്ടതുണ്ടെന്ന് മസ്ക് പറഞ്ഞു.
തങ്ങള്‍ ലൈക്കുകള്‍ ഹൈഡ് ചെയ്യാന്‍ പോവുകയാണെന്നും ഉപഭോക്താക്കളുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ മാറ്റമെന്നും എക്സ് എഞ്ചിനീയറിങ് ഡയറക്ടര്‍ ഹോഫേ വാങ് കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.