മനുഷ്യത്വത്തോടും മാനവിക മൂല്യങ്ങളോടുമുള്ള ആഗോള ദര്‍ശനം കാലിക പ്രസക്തമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. സ്ലൈഹീക സന്ദര്‍ശനത്തിന്റെ ഭാഗമായി ബിര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു അനുഗ്രഹ പ്രഭാഷണം നാടത്തുകയായിരുന്നു അദ്ദേഹം.
സാഹോദര്യവും സമഭാവനയും സഹിഷ്ണതയും സമൂഹത്തില്‍ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകത ബാവ ചൂണ്ടിക്കാട്ടി. പള്ളിയിലെത്തിയ ബാവ തിരുമേനിക്കും ഇടവക മെത്രാപൊലീത്തക്കും പ്രൗഢഗംഭീരമായ സ്വീകരണം നല്കി. പൊതുസമ്മേളനം കാതോലിക്ക ബാവ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
ഭദ്രാസന മെത്രാപോലിത്ത എബ്രഹാം മാര്‍ സ്തെഫനോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. വര്‍ഗീസ് മാത്യു, ഫാ.ജോര്‍ജ് മാലെക് (കോപ്റ്റിക് ചര്‍ച്ച) എന്നിവര്‍ പ്രസംഗിച്ചു. ഇടവക വികാരി ഫാ.മാത്യു എബ്രഹാം സ്വാഗതവും സെക്രട്ടറി പ്രവീണ്‍ തോമസ് നന്ദിയും പറഞ്ഞു. ഇടവക ആരംഭിച്ചു 20 വര്‍ഷം പൂര്‍ത്തീകരിച്ചതിനോടനുബന്ധിച്ചു തയ്യാറാക്കിയ സുവനീര്‍ 'പടവുകള്‍' ബാവ തിരുമേനി പ്രകാശനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടവക നല്കുന്ന ഒരു നിശ്ചിത തുക ട്രസ്റ്റി ഡെനിന് തോമസ് ബാവക്ക് കൈമാറി.
തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി ബാവ സംവേദിച്ചു. സഭയുടെ പാരബര്യത്തെയും,ചരിത്രത്തെയും, വിശ്വ്വാസത്തെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങള്‍ക്ക് തിരുമേനി മറുപടി പറഞ്ഞു. ഗ്രേസ് മോന്‍സി രൂപപ്പെടുത്തിയ ബാവയുടെ ഛായാചിത്രം ബാവ തിരുമേനിക്ക് സമ്മാനിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ബാവ തിരുമേനി പള്ളി പരിസരത്തു വൃക്ഷ തൈ നട്ടു. ഇടവക വികാരി ഫാ.മാത്യു എബ്രഹാം, ട്രസ്റ്റി ഡെനിന് തോമസ്, സെക്രട്ടറി പ്രവീണ്‍ തോമസ്, ഇവന്റ് കോര്‍ഡിനേറ്റര്‍സ് ജോര്‍ജ് ഉണ്ണുണ്ണി, ബൈജു കുര്യാക്കോസ്, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, ആധ്യാല്മിക സംഘടന ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.