മലയാള സിനിമയെ 2024ലെ കാന്‍ ചലച്ചിത്ര മേളയില്‍ എത്തിച്ച മലയാളി താരങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ ആദരം. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കാനില്‍ പിയര്‍ ആഞ്ജിനോ എക്സലെന്‍സ് ഇന്‍ സിനിമാറ്റോഗ്രഫി ബഹുമതി ലഭിച്ച സന്തോഷ് ശിവന്, ഗ്രാന്റ് പ്രി പുരസ്കാരം നേടിയ പായല്‍ കപാഡിയയുടെ 'ആള് വി ഇമാജിന്‍ ആസ് ലൈറ്റ്' ചിത്രത്തിലെ മലയാളി അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരം സമ്മാനിച്ചത്.
കുവൈറ്റ് ദുരന്തത്തെ തുടര്‍ന്ന് അതിഥികളൊക്കെയായി ഇന്നലെ തിരവനന്തപുരത്ത് ആഘോഷമായി നടത്താനിരുന്ന ഉദ്ഘാടന പരിപാടി ഒഴിവാക്കിയിരുന്നു. പകരം സെക്രട്ടേറിയറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് താരങ്ങള്‍ക്ക് പുരസ്കാരം സമ്മാനിച്ചു. കലാജീവിതത്തില്‍ ഇനിയും വലിയ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കട്ടെയെന്ന് താരങ്ങള്‍ക്കൊപ്പം എടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രി ആശംസിച്ചു.
ഈ വര്‍ഷത്തെ കാന്‍ മേളയില്‍ പിയര്‍ അജെന്യൂ പുരസ്കാരമാണ് സന്തോഷ് ശിവന് നേടിയത്. അന്താരാഷ്ട്ര തലത്തില്‍ മികവ് പുലര്‍ത്തുന്ന ഛായാഗ്രാഹകര്‍ക്ക് നല്കുന്ന പുരസ്കാരമാണിത്. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരന് കൂടിയാണ് സന്തോഷ് ശിവന്.
പായല്‍ കപാഡിയ സംവിധാനം ചെയ്ത ഓള് വി ഇമാജിന്‍ ആസ് ലൈറ്റ് ഗ്രാന്റ് പ്രി പുരസ്കാരമാണ് നേടിയത്. മുംബൈയില്‍ ജീവിക്കുന്ന മലയാളി നെഴ്സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രങ്ങള്‍ മുമ്പും വിവിധ ചലച്ചിത്ര മേളകളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തില്‍ കനി പ്രഭ എന്ന കഥാപാത്രത്തെയും ദിവ്യ പ്രഭ അനു എന്ന കഥാപാത്രത്തെയുമാണ് അവതിരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ അസീസ് നെടുമങ്ങാടും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.