നാടിനെ നടുക്കിയ ദുരന്തമാണ് കഴിഞ്ഞ ദിവസമുണ്ടായ കുവൈത്തിലെ മംഗഫയിലെ തൊഴിലാളി ക്യാംമ്പിലുണ്ടായ തീപിടിത്തം. സംഭവത്തില്‍ 23ഓളം മലയാളികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേര് പരിക്ക് പറ്റിയിട്ടുണ്ട്. തിരിച്ചറിയാനാവാത്തവരും ഉണ്ട്.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കുവൈറ്റിലേക്ക് പോകാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് തയ്യാറെടുത്തിരുന്നു. പക്ഷെ മന്ത്രിയുടെ യാത്രാനുമതി കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. ഇതോടെ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. കേന്ദ്ര തീരുമാനം അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്ന് മന്ത്രി നെടുമ്പാശേരിയില്‍ വെച്ച് പറഞ്ഞു. ഡല്‍ഹിയിലെ റെസിഡന്റ് കമ്മിഷണര്‍ മുഖാന്തരം നടത്തിയ ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്നകാര്യം വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.
എന്നാല്‍ ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രമന്ത്രി കുവൈറ്റിലുണ്ടല്ലോ എന്നും കേന്ദ്രസര്‍ക്കാര്‍. രേഖാമൂലമുള്ള മറുപടിയില്‍ അനുമതിയില്ലെന്ന് മാത്രമായിരുന്നു വിശദീകരണം. ഇന്നലെ രാത്രി 9.20ന് പുറപ്പെടേണ്ട വിമാനത്തിലാണ് മന്ത്രി കുവൈത്തിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. അവസാന നിമിഷം വരെ കാത്തു എന്നാല്‍ യാത്രയ്ക്ക് പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭിച്ചില്ല. അതേസമയം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്ധന് സിങ് കുവൈത്തില്‍ തുടരുകയാണ്.
കുവൈത്ത് തീപിടിത്തത്തില്‍ ഏറ്റവും അധികം മരണപ്പെട്ടത് മലയാളികളാണ്. 49 ഇന്ത്യക്കാര്‍ മരിച്ചു, ഓരോ മരണവും വേദനിപ്പിക്കുന്നതാണ്. വിവിധ ആശുപത്രികളിലായി നിരവധി ആളുകള്‍ പരിക്കേറ്റ് ചികിത്സയിലാണ്. അവരുടെ കുടുംബങ്ങള്‍ അവര്‍ക്കൊപ്പമില്ല. ഒരു ദുരന്തമുഖത്ത് കേരളത്തോട് ഇങ്ങനെ ഒരു സമീപനം കേന്ദ്രം സ്വീകരിച്ചത് വളരെ നിര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.