പന്തീരാങ്കാവ് പീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി കൊച്ചിയില്‍ മടങ്ങിയെത്തിയതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ പെണ്‍കുട്ടിയെ വടക്കേക്കര പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. പരാതിക്കാരിയായ പെണ്‍കുട്ടി ഡല്‍ഹിയിലെന്നു വിവരം ലഭിച്ചതായി നേരത്തെ അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടി വീഡിയോ യുട്യൂബില്‍ അപ്ലോഡ് ചെയ്തത് ഡല്‍ഹിയില്‍ നിന്നാണെന്നു സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
തന്നെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്നു പറഞ്ഞുള്ള വീഡിയോ യുവതി കഴിഞ്ഞ ദിവസം യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരുന്നു. യുവതിയെ കാണാനില്ലെന്നു പറഞ്ഞു സഹോദരന് രംഗത്തെത്തിയിരുന്നു. മെയ് 28ന് ശേഷം ഒരാഴ്ചയായി ഓഫീസില്‍ ചെന്നിട്ടില്ലെന്നും യുവതി നിലപാട് മാറ്റിയതു രാഹുലിന്റെ സമ്മര്‍ദത്തിനു വഴങ്ങിയാവാമെന്നും സഹോദരന് പറഞ്ഞിരുന്നു. യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്നു യുവതിയുടെ അമ്മ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണു തന്നെ ആരും തട്ടികൊണ്ട് പോയിട്ടില്ലെന്നു ഇവര്‍ വീഡിയോയിലൂടെ രംഗത്തെത്തിയത്.
ഭര്‍ത്താവ് രാഹുലിനെതിരേ താന്‍ പറഞ്ഞ ആരോപണങ്ങളെല്ലാം കള്ളമാണെന്നു പറഞ്ഞു യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. 'തന്റെ കഴുത്തിലുള്ള മുറിവു ജന്മനാ ഉള്ളതാണ്. ആരും ഫോണ്‍ ചാര്‍ജര്‍ കൊണ്ട് ഉണ്ടാക്കിയതല്ല. കുടുംബത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാണു രാഹുലിനെതിരെ മൊഴി നല്‍കിയത്. ഭീഷണിക്കുവഴങ്ങി നല്കിയ മൊഴിയാണിതെല്ലാം. സത്യങ്ങള്‍ പറയാന്‍ വൈകി പോയി. മൊഴിയിലെ വൈരുധ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും.
താന്‍ നുണപരിശോധനക്കു തയാറാണ്.'- യുവതി പറഞ്ഞിരുന്നു. രാഹുല്‍ ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. സ്ത്രീധനം ആവശ്യപെട്ടിട്ടില്ല. തന്റെ ആരോപണങ്ങളെല്ലാം നുണയായിരുന്നു. രാഹുല്‍ നേരത്തേ വിവാഹം കഴിച്ചത് അറിയാമായിരുന്നു. പുറത്ത് പറയേണ്ടെന്നു പറഞ്ഞതു താനാണെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്.