മുഹമ്മയില്‍ കാക്കകള്‍ ചത്തുവീണത് പക്ഷിപ്പനി ബാധിച്ചാണെന്ന് സ്ഥിരീകരിച്ചതോടെ ആലപ്പുഴയില്‍ വീണ്ടും ആശങ്ക ഉയരുന്നു. കാക്കകളിലും രോഗബാധ കണ്ടെത്തിയതോടെ പഠനത്തിന് സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചു. മുഹമ്മ പഞ്ചായത്തിലെ 9ാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചശേഷമാണ് കാക്കകള്‍ അസ്വാഭാവികമായി ചത്ത് വീഴുന്നത് കാണാന്‍ കഴിഞ്ഞത്.
ഭോപ്പാല്‍ ഹൈ സെക്യൂരിറ്റി ലാബിലെ സാംപിള്‍ പരിശോധനയില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. കേരളത്തില്‍ ഇതാദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ആലപ്പുഴയിലെ കഞ്ഞിക്കുഴിയില്‍ കോഴികള്‍ ചത്തതും പക്ഷിപ്പനി ബാധിയെ തുടര്‍ന്നാണെന്ന് പരിശോധന ഫലവും ലഭിച്ചു.
ഏപ്രില്‍ മാസത്തില്‍ കുട്ടനാട്ടിലെ എടത്വയിലും ചെറുതന പഞ്ചായത്തിലുമാണ് ആദ്യം പക്ഷിപ്പനി കണ്ടെത്തുന്നത്. താറാവുകളിലുണ്ടായ രോഗബാധ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്ന് പിടിച്ചു. പത്തനംതിട്ട, കോട്ടയം ജില്ലകളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
തിരുവല്ല നിരണത്തെ സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രം, കോട്ടയം മണര്‍കാട്ടെ കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലും രോഗബാധ സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ മാത്രം 73,662 വളര്‍ത്ത് പക്ഷികളെയാണ് കൂട്ടമായി കൊന്നൊടുക്കിയത്. മൂന്നു ജില്ലകളിലായി ഒരു ലക്ഷത്തിലധികം പക്ഷികളെ കൊന്നു കഴിഞ്ഞു.