വിവിധ ലോക രാജ്യങ്ങളിലായി 8000ലധികം മാജിക് ഷോകള്‍ നടത്തിയ 56 രാജ്യങ്ങള്‍ സന്ദര്‍ശിച്ച 45 വര്‍ഷക്കാലം മജീഷ്യനായി പ്രവര്‍ത്തിച്ച ഒരു ലക്ഷത്തിലധികം ജീവിതങ്ങളെ സ്പര്‍ശിച്ച മജീഷ്യന്‍ ഗോപിനാഥ് മുതുകാട് യുകെകെസിഎ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നു. ലോകത്തിലെ ആദ്യത്തെ മാജിക്ക് അക്കാദമിയുടെ സ്ഥാപകനും ആദ്യത്തെ മാജിക്ക് മ്യൂസിയത്തിന്റെ സ്ഥാപകനുമായ മജീഷ്യന്‍ മുതുകാടിന്റെ സാന്നിധ്യം യുകെകെസിഎ കണ്വന്ഷന് വജ്രത്തിളക്കമേകും.
ലോകത്തിലെ അറിയപ്പെടുന്ന മാന്ത്രികനായി ഖ്യാതിനേടിയ ഗോപിനാഥ് മുതുകാട് പക്ഷെ ഇന്ന് കൂടുതല്‍ അറിയപ്പെടുന്നത് ഭിന്നശേഷിക്കാരായ കുട്ടികളെ ചേര്‍ത്തു നിര്‍ത്തി അവര്‍ക്ക് പുതിയൊരു ജീവിതമേകിയതിലൂടെയാണ്. ഈ ശ്രമങ്ങള്‍ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി പുരസ്ക്കാരങ്ങളാണ് ഗോപിനാഥ് മുതുകാടിന് നേടിക്കൊടുത്തത്.
ജീവിതത്തില്‍ നേടിയതെല്ലാം സ്വന്തം വീടുപോലും ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി സന്തോഷപൂര്‍വ്വം നല്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുവേണ്ടി മാറ്റി വച്ച മജീഷ്യന്‍ മുതുകാടിന്റെ നിസ്തുല ശ്രമങ്ങള്‍ക്കാണ് യുകെകെസിഎ പിന്തുണയേകുന്നത്.