ഇ.കോളി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ യുകെയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന നിരവധി തരം പ്രീ-പാക്ക്ഡ് സാന്‍ഡ്വിച്ചുകളും റാപ്പുകളും സലാഡുകളും ഭക്ഷ്യ നിര്‍മ്മാതാക്കള്‍ തിരിച്ചുവിളിക്കുന്നു. ഉല്പന്നങ്ങളില് ഇ.കോളി ബാക്ടീരിയ കണ്ടെത്തിയിട്ടില്ലെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് അവ തിരിച്ചുവിളിക്കുന്നത്. സാലഡ് ഇലകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ആല്‍ഡി, അസ്ഡ, കോ-ഓപ്പ്, മോറിസണ്‍സ് എന്നീ ചില്ലറ വ്യാപാരികള്‍ തിരിച്ചു വിളിക്കുന്നതെന്നാണ് സൂചന.
രാജ്യത്ത് ഏകദേശം 211 പേര്‍ക്കാണ് നിലവില്‍ ഇ.കോളി ബാധിച്ചത്. കഴിഞ്ഞ ആഴ്ച ഇത് 113 ആയിരുന്നു. 67 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. ഇ.കോളി വ്യാപകമായതും എളുപ്പത്തില്‍ ലഭ്യമായതുമായ ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധര്‍ മുമ്പ് പറഞ്ഞിരുന്നു. ഇ.കോളി ബാധിക്കപ്പെട്ട വിതരണക്കാരില്‍ ഒരാളായ ഗ്രീന്‍കോര്‍ ഗ്രൂപ്പ് ഇതുവരെ തങ്ങളുടെ 45 വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിച്ചു.
ആല്‍ഡി ചിക്കന്‍ ഫാജിറ്റ ട്രിപ്പിള്‍ റാപ്പ്, ആമസോണ്‍ BLT സാന്ഡ്വിച്ച്, അസ്ഡ സ്മോക്കി ബീന്‍സ്, ചെഡ്ഡാര് ചീസ് റാപ്പ്, അസ്ഡ ചിക്കന്‍ സാലഡ് സാന്ഡ്വിച്ച്, ബൂട്ട്സ് ചിക്കന്‍ സാലഡ് സാന്ഡ്വിച്ച്, ആമസോണ്‍ പ്രോണ്സ്് ലേയേര്‍ഡ് സാലഡ് എന്നിവ ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു. പ്രമുഖ ഭക്ഷ്യ ഉത്പന്ന നിര്‍മ്മാതാക്കളായ സംവര്ത്ത് ബ്രദേഴ്സ് മാന്റണ്‍ വുഡ് തങ്ങളുടെ 11 ഉല്‍പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ടെസ്കോ ചിക്കന്‍ സാലഡ് സാന്ഡ്വിച്ച്, ടെസ്കോ ട്യൂണ ക്രഞ്ച് സബ്, ടെസ്കോ സ്പൈസി ബീന്‍ റാപ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
മനുഷ്യന്റെയും മൃഗങ്ങളുടെയും കുടലുകളില്‍ സാധാരണയായി വസിക്കുന്ന വൈവിധ്യമാര്‍ന്ന ബാക്ടീരിയ ഗ്രൂപ്പാണ് ഇ.കോളി. ഇതിന്റെ ചില തരങ്ങള്‍ നിരുപദ്രവകരമാണ്, എന്നാല്‍ മറ്റുള്ളവ ആളുകളെ ഗുരുതരമായി രോഗികളാക്കിയേക്കാം. ഇപ്പോള്‍ പ്രശ്നകാരിയായിരിക്കുന്നത വകഭേദം E.coli STEC O145 എന്ന് വിളിക്കപ്പെടുന്നതാണ്.
ഇത് ഉത്പാദിപ്പിക്കുന്ന ഒരുതരം ഷിഗ ടോക്സിന് കുടലിന്റെ ആവരണത്തെ ആക്രമിക്കും. രക്തരൂക്ഷിതമായ വയറിളക്കം, വയറുവേദന, പനി, ഛര്‍ദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. ഇത് പ്രകടമാകാന്‍ സാധാരണയായി കുറച്ച് ദിവസമെടുക്കും.
മിക്ക ആളുകളും ചികിത്സ ഇല്ലാതെ തന്നെ സുഖം പ്രാപിക്കും. എന്നാല്‍ കൊച്ചുകുട്ടികളിലും മറ്റ് അനാരോഗ്യം ഉള്ളവരിലും വളരെ അസ്വാസ്ഥ്യമുണ്ടാകാം. ഇ.കോളി അണുബാധയ്ക്ക് പ്രത്യേക ചികിത്സയില്ല. രോഗബാധിതരായ ആളുകളെ സാധാരണയായി വീട്ടില്‍ തന്നെ പരിചരിക്കാം.
രോഗബാദ പിടിപെട്ടാല്‍ ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്, കാരണം വയറിളക്കം നിര്‍ജ്ജലീകരണത്തിന് കാരണമാകും. അപൂര്‍വ്വം കേസുകളില്‍ വൃക്കകളെ തകരാറിലാക്കുന്ന ഹീമോലിറ്റിക് യുറേമിക് സിന്‍ഡ്രോം (HUS) ഉള്‍പ്പെടെയുള്ള ഗുരുതരമായ സങ്കീര്‍ണതകളും ഉണ്ടായേക്കാം. ആശങ്കയുണ്ടെങ്കില്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.
അണുബാധയുടെ സാധ്യത കുറയ്ക്കാന്‍ ആളുകള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുണ്ട്.
ചെറുചൂടുള്ള വെള്ളവും സോപ്പും ഉപയോഗിച്ച് നിങ്ങളുടെ കൈകള്‍ പതിവായി കഴുകുക. ആല്‍ക്കഹോള്‍ ജെല്ലുകള്‍ വയറിളക്ക രോഗത്തിന് കാരണമാകുന്ന എല്ലാ ബഗുകളേയും നശിപ്പിക്കില്ല.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക, ഭക്ഷണം പാകം ചെയ്യുക
.
നിങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം തയ്യാറാക്കരുത്, ആശുപത്രികളിലോ കെയര്‍ ഹോമുകളിലോ ആളുകളെ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക.
രോഗലക്ഷണങ്ങള്‍ തീരാതെ 48 മണിക്കൂര്‍ വരെ ആളുകള്‍ ജോലിയിലോ സ്കൂളിലോ നഴ്സറിയിലോ എത്തരുത്.