ബക്രീദ് പ്രമാണിച്ച് നാട്ടിലേക്ക് വരുന്നവര്‍ക്ക് വെല്ലുവിളിയാവുകയാണ് വിമാനനിരക്ക്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തോന്നുംപടി യാത്രാക്കൂലി കൂട്ടിയതോടെ വിദേശ വിമാനങ്ങളിലും വന്‍ വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാഴ്ച മുമ്പ് വരെ മസ്ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് 15,000 രൂപയ്ക്ക് കിട്ടിയിരുന്ന വണ്‍വേ ടിക്കറ്റിന്റെ നിരക്ക് 35,000 മുതല്‍ ഒന്നര ലക്ഷം വരെയാണ് ഉയര്‍ന്നിരിക്കുന്നത്. യാത്ര കണക്ഷന് വിമാനങ്ങളിലാക്കാം എന്ന് കരുതിയാല്‍ അവിടെയും ആശ്വാസത്തിന് വകയില്ല. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കൊടുക്കുന്നതിന് പുറമെ 10-15 മണിക്കൂര്‍ യാത്രയും വേണം കേരളത്തിലെത്താന്‍.
ഇന്ത്യന്‍ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ വിമാനങ്ങളില്‍ വണ്‍വേ ടിക്കറ്റിന് 50, 000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. എമിറേറ്റ്സ് എയര്‍ലൈന്‍സ്, ഇത്തിഹാദ് എയര്‍വെയ്സ് എന്നിവ 60, 000 ത്തിനും 70, 000 ത്തിനും ഇടയ്ക്ക് യാത്രക്കൂലി ഈടാക്കുന്നുണ്ട്.
ചില വിദേശ വിമാനക്കമ്പനികള്‍ കിട്ടുന്ന അവസരം മുതലാക്കാന്‍ വണ്‍വേക്ക് ഒന്നര ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. മത്സരം കുറഞ്ഞ കണ്ണൂര്‍ പോലുള്ള റൂട്ടുകളില്‍പ്പോലും രണ്ടാഴ്ച മുമ്പ് ഉണ്ടായിരുന്നതിനെക്കാര്‍ പല മടങ്ങായാണ് ഇപ്പോള്‍ നിരക്ക് ഉയര്‍ന്നിരിക്കുന്നത്.