ഇംഗ്ലണ്ടില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ പരിധി കുറയ്ക്കണമെന്ന് അടുത്ത ഗവണ്മെന്റിനോട് ആവശ്യപ്പെടാന്‍ ഡോക്ടര്‍മാര്‍. നിലവില്‍ ഇംഗ്ലണ്ടിലെ മദ്യപിച്ച് വാഹനം ഓടിക്കുന്ന പരിധി യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന തോതായ 100 എംഎല് രക്തത്തില്‍ 80 എംജി ആല്‍ക്കഹോള്‍ എന്ന നിലയിലാണ്. എന്നാല്‍ ഈ പരിധി 50 എംജിയായി കുറയ്ക്കാനും, പുതിയ ഡ്രൈവര്‍മാര്‍ക്ക് കേവലം 20 എംജിയായി പരിമിതപ്പെടുത്താനുമാണ് ഡോക്ടര്‍മാരുടെ ട്രേഡ് യൂണിയന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് ആവശ്യപ്പെടുന്നത്.
1967-ലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. നിലവില്‍ അമിതമായി മദ്യപിച്ച് പിടിക്കപ്പെട്ടാല്‍ ഡ്രൈവിംഗ് വിലക്കും, ആറ് മാസത്തെ തടവും, പരിധിയില്ലാത്ത പിഴയും ഉള്‍പ്പെടുന്നു.
2021-ലും 2022-ലും മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട മരണങ്ങളും ഏറ്റവും ഉയര്‍ന്ന നിലയിലാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ബിഎംഎ തങ്ങളുടെ പ്രസ്താവന പുറത്ത് വിട്ടത്. മദ്യപിച്ച് വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ച് വരുന്നതായി ചൂണ്ടിക്കാട്ടിയ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് (ബിഎംഎ) റോഡിലെ മരണങ്ങളില്‍ ഏകദേശം 20 ശതമാനവും മദ്യപാനം മൂലമാണെന്ന് പറയുന്നു. അയര്‍ലന്‍ഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുമായി യോജിച്ച് നിയമപരമായ മദ്യത്തിന്റെ പരിധി സര്‍ക്കാര്‍ കുറയ്ക്കേണ്ടതിന്റെ ആവശ്യകത ബിഎംഎയില്‍ നിന്നുള്ള കാരി റെയ്ഡിംഗര്‍ പറയുന്നു.