ബെന്യാമിന്റെ 'ആടുജീവിതം' നോവലായപ്പോഴും സിനിമയായപ്പോഴും പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. നോവലില്‍ നിന്നും സിനിമയിലേക്ക് എത്തിയപ്പോള്‍ കൊച്ചു കുട്ടികള്‍ വരെ ആ അനുഭവങ്ങള്‍ സ്വീകരിച്ചു.
സിനിമയില്‍ നജീബിന്റെ ജിവിതം മൂന്ന് മണിക്കൂര്‍ അടുത്താണ് പറഞ്ഞ് തീര്‍ത്തത്. എന്നാല്‍ ആ മനുഷ്യന് അനുഭവിച്ച വേദന വെറും പത്തുവരിയില്‍ പറഞ്ഞ് തീര്‍ക്കാന്‍ സാധിക്കുമോ? എന്നാല്‍ സാധിക്കുമെന്നാണ് ഒരു വിദ്യാര്‍ത്ഥി തെളിയിച്ചിരിക്കുന്നത്.
വെറും പത്ത് വരിയില്‍ ബെന്യാമിന്റെ 'ആടുജീവിതം' കഥയെഴുതിക്കൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഒരു കൊച്ചു മിടുക്കി. മന്തരത്തൂര്‍ എം എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥിനി നന്മ തേജസ്വിനിയാണ് ഒരൊറ്റ പേജില്‍ ഒരു നോവലിന്റെ മുഴുവന്‍ കഥ എഴുതിയിരിക്കുന്നത്. നോട്ടുബുക്കില്‍ കുട്ടി എഴുതിയ കഥയുടെ ചിത്രം ബെന്യാമിന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
'ഒരു ദിവസം നജീബ് എന്ന ഒരാള്‍ ജീവിച്ചിരുന്നു, ഒരുനാള്‍ നജീബ് ദുബായില്‍ പോയി, അവിടത്തെ അറബ് മനുഷ്യന് നജീബിനെ പറ്റിച്ച് മരുഭൂമിയില്‍ ഇട്ടു. കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞു, നജീബ് ആടിന്റെ പുല്ലും ആടിന്റെ വെള്ളവും കുടിച്ച് ജീവിച്ചു. ഒരു ദിവസം നജീബിനെ രക്ഷിക്കാന്‍ ഒരാള്‍ വന്നു. രക്ഷിച്ച് കൊണ്ട് പോയി. പെരിയോനേ റഹ്മാനെ... പെരിയോനേ റഹീം... 'എന്നാണ് സിംപിളായി നോട്ടുബുക്കില്‍ നന്മ തേജസ്വിനി എഴുതിയത്.
ആഗോളതലത്തില്‍ 150 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം ഇങ്ങനെ പത്ത് വരിയില്‍ പറഞ്ഞത് കണ്ട് സോഷ്യല്‍ മീഡിയ തന്നെ ഞെട്ടിയിരിക്കുകയാണ്.