'നെറ്റിയിലെ വിയര്‍പ്പ് കൊണ്ട് അപ്പം ഭക്ഷിക്കുക' എന്നാണ് നാം ഓരോരുത്തരും ശീലമാക്കിയിട്ടുള്ളത്. വെറുതെ ഇരുന്ന് ശമ്പളം വാങ്ങാനോ ചെയ്യാത്ത പ്രവര്‍ത്തിക്ക് ഫലം ആഗ്രഹിക്കുന്നവരോ ഉണ്ടാവില്ല. അത്തരത്തില്‍ ഒരു യുവതി നല്കിയ പരാതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
20 വര്‍ഷമായി തന്നെ കൊണ്ട് കമ്പനി ജോലിയൊന്നും എടുപ്പിക്കുന്നില്ലെന്നും പക്ഷെ തനിക്ക് കൃത്യമായി ശമ്പളം നല്‍കുന്നുണ്ടെന്നുമാണ് യുവതി തന്റെ പരാതിയില്‍ പറയുന്നത്. ഫ്രഞ്ചുകാരിയായ ലോറന്‍സ് വാന്‍ വാസന്‍ഹോവ് എന്ന യുവതിയാണ് ഇത്തരത്തില്‍ പരാതി ഉന്നയിച്ചത്.
ടെലികോം ഭീമന് ഓറഞ്ചിനെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. 20 വര്‍ഷമായി കമ്പനി തനിക്ക് ശമ്പളം നല്‍കുന്നുണ്ടെന്നും എന്നാല്‍, ജോലി ഒന്നും ചെയ്യിക്കാതെ ജോലിയില്‍ ധാര്‍മ്മിക പീഡനവും വിവേചനവും കാണിച്ചു എന്നുമാണ് ലോറന്‍സിന്റെ പരാതി. ഹെമിപ്ലെജിയ എന്ന അവസ്ഥ ബാധിച്ച ആളാണ് ലോറന്‍സ്. ശരീരത്തിന്റെ ഒരുഭാഗമോ അല്ലെങ്കില്‍ പൂര്‍ണമായോ തളര്‍ന്നു പോയേക്കാവുന്ന അവസ്ഥയാണിത്. അതിനാല്‍ തന്നെ എല്ലാ ഓഫീസിലും യുവതിക്ക് ജോലി ചെയ്യാനാവില്ല. യുവതിയുടെ ശാരീരികാവസ്ഥയ്ക്ക് യോജിച്ച സ്ഥലത്ത് മാത്രമേ അവള്‍ക്ക് ജോലി ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. 1993 -ല്‍ ഫ്രാന്‍സ് ടെലികോമില്‍ സിവില്‍ സര്‍വെന്റായി അവളെ നിയമിച്ചു. അവളുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് യോജിച്ച സ്ഥാനമാണ് കമ്പനി അവര്‍ക്ക് നല്‍കിയത്.
2002 വരെ സെക്രട്ടറിയായും എച്ച്ആര്‍ ഡിപ്പാര്‍ട്ട്മെന്റിലും യുവതി ജോലി ചെയ്തു. എന്നാല്‍, പിന്നീട് കമ്പനി ഓറഞ്ച് ഏറ്റെടുത്തു. അതോടെ ലോറന്‍സിനോട് ആ ഓഫീസില്‍ നിന്നും ഫ്രാന്‍സിന്റെ മറ്റൊരു ഭാഗത്തേക്കുള്ള ഓഫീസിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പുതിയ ഓഫീസ് ലോറന്‍സിന്റെ ശാരീരികാവസ്ഥയ്ക്ക് യോജിച്ച തരത്തിലുള്ളതേ ആയിരുന്നില്ല. അതോടെ ലോറന്‍സിന് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടായിത്തുടങ്ങി.
തന്റെ ആവശ്യങ്ങള്‍ കമ്പനി പരിഗണിച്ചില്ല എന്നും തനിക്ക് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാന്‍ തന്നില്ലയെന്നും യുവതി പറയുന്നു. എന്നാല്‍, കമ്പനി കൃത്യമായി ഓരോ മാസവും അവള്‍ക്ക് ശമ്പളം നല്‍കിയിരുന്നു. എന്നാല്‍, തന്നോട് വിവേചനം കാണിച്ചു എന്നും ജോലി ചെയ്യാനുള്ള അവസ്ഥ ഒരുക്കിയില്ലെന്നും കാണിച്ചാണ് യുവതി ഇപ്പോള്‍ കേസ് കൊടുത്തിരിക്കുന്നത്. അതേസമയം, ലോറന്‍സിന്റെ നല്ലതിന് വേണ്ടതെല്ലാം തങ്ങള്‍ ചെയ്തുവെന്നും ശമ്പളം കൃത്യമായി നല്‍കിയിരുന്നു എന്നുമാണ് ഓറഞ്ച് പറയുന്നത്.