മരണത്തിനും ചിലരെ വേര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് പറയാറുണ്ട്. അത്തരത്തില്‍ മരണാനന്തരം ഒരുമിക്കാന്‍ ഒരു കുടുംബം പ്രണിയിതാക്കള്ക്ക് വേണ്ടി 'പ്രേതവിവാഹം' നടത്തി കൊടുത്തു. മലേഷ്യ ഡ്രാഗണ്‍ ആന്‍ഡ് ലയണ്‍ ഡാന്‍സ് സ്പോര്‍ട്സ് അസോസിയേഷന്റെ രാജ്യാന്തര റഫറിയായ യാങ് ജിങ്ഷാ(31) ന്റെയും അദ്ദേഹത്തിന്റെ കാമുകി ലീയുടെയും വിവാഹമാണ് ബന്ധുക്കള്‍ നടത്തിയത്.
മരണാന്തര ജീവിതത്തിലും ഭാര്യഭര്ത്താക്കന്മാരായി ജീവിക്കാന്‍ വേണ്ടിയാണ് വാഹനാപടകത്തില്‍ മരിച്ചവര്‍ക്ക് വിവാഹം നടത്തി കൊടുത്തത്. ഏകദേശം മൂന്നുവര്‍ഷത്തോളമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നും പരസ്പരം ഒരുമിഞ്ഞ് ജീവിക്കാന്‍ തീരുമാനിച്ചിരുന്നതായുമാണ് ഇരുവരുടെയും ബന്ധുക്കള്‍ പറയുന്നത്. പക്ഷേ അവര്‍ ആഗ്രഹിച്ചതുപോലെ ഒരുമിക്കുന്നതിന് മുന്‍പേ ഇത്തരത്തില്‍ ഒരു ദുരന്തം സംഭവിച്ചതിനാലാണ് മരണാനന്തര ജീവിതത്തില്‍ ഇരുവരും ഒരുമിക്കുന്നതിനായി ഇത്തരത്തില്‍ ഒരു ചടങ്ങ് നടത്തിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
കഴിഞ്ഞ മെയ് 24 നാണ് വടക്കുപടിഞ്ഞാറന്‍ മലേഷ്യയിലെ പെരാക്കില്‍ ഇവരുടെ കാര്‍ അപകടത്തില്‍ പെടുകയും ഇരുവരും മരണപ്പെടുകയും ചെയ്തത്. മരിച്ചുപോയ വ്യക്തികളുടെ പ്രേതവിവാഹം നടത്തുന്നത് ചൈനയിലെ ഒരു പരമ്പരാഗത ആചാരമാണ്. വിവാഹം പോലുള്ള ആഗ്രഹങ്ങള്‍ നിറവേറ്റാതെ ആളുകള്‍ മരിക്കുകയാണെങ്കില്‍ മരണാനന്തര ജീവിതത്തില്‍ അവര്‍ക്ക് സമാധാനം ലഭിക്കില്ലെന്നും ജീവിച്ചിരിക്കുന്നവരെ വേട്ടയാടാന്‍ മടങ്ങിവരാമെന്നുള്ള വിശ്വാസം ചിലയിടങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
ആ വിശ്വാസം അനുസരിച്ചാണ് ഷാങിന്റെയും ലീയുടെയും ബന്ധുക്കള്‍ ചേര്‍ന്ന് ഇത്തരത്തില്‍ ഒരു ചടങ്ങ് നടത്താന്‍ തീരുമാനിച്ചത്. മരിച്ചുപോയ വ്യക്തികളുടെ ചിത്രങ്ങളാണ് ചടങ്ങുകള്‍ക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ നിയമപ്രകാരം ചൈനീസ് സര്‍ക്കാര്‍ ഈ ചടങ്ങ് നിരോധിച്ചിട്ടുണ്ടെങ്കിലും വിദൂര പ്രദേശങ്ങളില്‍ പ്രത്യേകിച്ച് വടക്കാന്‍ ചൈനയില്‍ 3000 വര്‍ഷം പഴക്കമുള്ള ആചാരം ഇപ്പോഴും പിന്തുടര്ന്നു വരുന്നുണ്ട്. ചൈനീസ് സംസ്കാരത്തിന്റെ സ്വാധീനത്തില്‍ ഉത്തര കൊറിയ, ജപ്പാന് തുടങ്ങിയ പല കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും പ്രേത വിവാഹങ്ങള്‍ നിലവിലുണ്ട്.