രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ പരിശീലകനാകാന്‍ തയ്യാറെടുക്കുന്നതിനിടെ ബിസിസിഐക്ക് മുമ്പില്‍ വീണ്ടും ഉപാധികള്‍ വെച്ച് ഗൗതം ഗംഭീര്‍. വൈറ്റ് ബോള്‍, റെഡ് ബോള്‍ ക്രിക്കറ്റുകള്‍ക്ക് വ്യത്യസ്ത ടീമുകള്‍ വേണമെന്നാണ് ഗംഭീറിന്റെ ആവശ്യം. ട്വന്റി 20 ലോകകപ്പിന് പിന്നാലെ ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും. മുന്‍ താരത്തിന്റെ ഉപാധി ബിസിസിഐ അംഗീകരിച്ചതായി ഇന്ത്യന്‍ ക്രിക്കറ്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
താന്‍ പരിശീലകനാകുമ്പോള്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫിലുള്ളവരെ തീരുമാനിക്കാന്‍ സമ്മതം നല്‍കണമെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു. ഇക്കാര്യം ബിസിസിഐ അംഗീകരിച്ചു. ഇതോടെ ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തിലും മാറ്റമുണ്ടായേക്കും. മുമ്പ് രവി ശാസ്ത്രി ഇന്ത്യന്‍ പരിശീലകനായപ്പോള്‍ ബാറ്റിംഗ് പരിശീലകനായിരുന്ന വിക്രം റാഥോറിന് പകരം സഞ്ജയ് ബാംഗര്‍ സ്ഥാനത്ത് എത്തി. എങ്കിലും റാഥോര്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫായി തുടര്‍ന്നു. ഫീല്‍ഡിംഗ് പരിശീലകനായി ജോണ്ടി റോഡ്സ് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാഹുല്‍ ദ്രാവിഡ് പരിശീലകനായി എത്തിയപ്പോഴും റാഥോര്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫില്‍ ഉണ്ടായിരുന്നു. ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യയ്ക്ക് സിംബാവ്വെയ്ക്കെതിരെ ട്വന്റി 20 പരമ്പരയാണ് നടക്കാനുള്ളത്. ഈ പരമ്പരയില്‍ ഗംഭീര്‍ പരിശീലക സ്ഥാനത്തേയ്ക്ക് എത്തിയേക്കും.