ഓണ്‍ലൈനായി ലഭിക്കുന്ന സാധനങ്ങളില്‍ പലപ്പോഴും തട്ടിപ്പുകള്‍ ഉണ്ടാകാറുണ്ട്. പക്ഷെ ആരും പ്രതീക്ഷിക്കാത്ത, ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ഒരു സംഭവം ആണ് ഒരു ദമ്പതിമാര്‍ക്ക് നേരിടേണ്ടി വന്നത്.
ബെംഗളൂരുവിലെ ഒരു ദമ്പതിമാര്‍ക്ക് ആണ് വളരെ ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്. ആമോസണില്‍ നിന്നും ഓര്‍ഡര്‍ ചെയ്തത് ഗെയിമിംഗ് കണ്ട്രോളര് ആയിരുന്നു. കാത്തിരിപ്പ് അവസാനിപ്പിച്ച് സാധനം വീട്ടിലെത്തി പൊട്ടിച്ചു നോക്കിയതും അവര്‍ ഞെട്ടി. കാരണം വീട്ടിലെത്തിയ പാക്കറ്റിനുള്ളില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പായിരുന്നു.
സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ ദമ്പതിമാര്‍ക്കാണ് ഇത്തരത്തില്‍ ഒരു ഞെട്ടല്‍ ഉണ്ടായത്. ഇവര്‍ എക്സ്ബോക്സിന്റെ ഗെയിമിംഗ് കണ്‍ട്രോളറാണ് വാങ്ങിയത്. എന്നാല്‍ ആവേശത്തോടെ ഇത് തുറന്നുനോക്കിയ ദമ്പതിമാര്‍ വിറച്ചുപോവുകയായിരുന്നു. മൂര്‍ഖന്‍ പാമ്പ് ഇഴഞ്ഞുവരുന്നതായിരുന്നു കണ്ടതെന്ന് ഇവര്‍ പറയുന്നു. അതേസമയം ഈ പാക്കേജിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
വീഡിയോയില്‍ ഈ പാമ്പ് ആമസോണിന്റെ പാക്കേജ് ബോക്സില്‍ നിന്ന് പുറത്തേക്ക് വരാന്‍ ശ്രമിക്കുന്നതാണ് ഉള്ളത്. എന്നാല്‍ പാക്കേജിംഗ് ടാപ്പ് ഉള്ളതിനാല്‍ ഈ പാമ്പിന് പുറത്തേക്ക് വരാന്‍ സാധിക്കാതിരിക്കുകയായിരുന്നു. അതുകൊണ്ട് ആര്‍ക്കും അപകടമൊന്നും ഉണ്ടായില്ല.
സോഷ്യല്‍ മീഡിയ ഒന്നടങ്കം ഈ വിഷയത്തില്‍ വലിയ ആശങ്കയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് എക്സ്ബോക്സ് കണ്ട്രോളര് ഇവര്‍ ആമസോണില്‍ നിന്ന് ഓര്‍ഡര്‍ ചെയ്തത്. അതേസമയം ഡെലിവെറി പാര്‍ട്ണര്‍ ഇവരുടെ കൈയ്യിലാണ് പാക്കേജ് നല്‍കിയത്.
പുറത്ത് വെച്ച് പോകുന്നതായിരുന്നു പതിവ്. സര്‍ജാപൂര്‍ മേഖലയിലാണ് ഞങ്ങള്‍ താമസിക്കുന്നത്. പാമ്പിന്റെയും പാക്കേജിന്റെയും വീഡിയോ ഞങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. ദൃക്സാക്ഷികളും ഉണ്ടെന്ന് ദമ്പതിമാര്‍ പറഞ്ഞു.
പാമ്പ് ആരെയും കടിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. ആമസോണിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ നിന്ന് കാര്യമായ സഹായം ലഭിച്ചില്ല. അവര്‍ ഞങ്ങളെ രണ്ട് മണിക്കൂറോളമാണ് കാത്തുനിര്‍ത്തിച്ചത്. ആമസോണില്‍ നിന്ന് റീഫണ്ട് ലഭിച്ചു. പക്ഷേ ജീവന് പണയം വെച്ചാണോ കാര്യങ്ങള്‍ കളിക്കേണ്ടത്. ഇത് സുരക്ഷാ വീഴ്ച്ച കൂടിയാണ്.ആമസോണിന്റെ ഭാഗത്ത് നിന്ന് വന്ന പൂര്‍ണമായ വീഴ്ച്ചയാണ്. അതുപോലെ വെയര്‍ഹൗസിംഗിന് വൃത്തിയില്ലാത്തതും, മോശം ഡെലിവെറിയും മേല്നോട്ടവുമെല്ലാമാണ് ഇതിന് കാരണമായതെന്നും ദമ്പതിമാര്‍ പറഞ്ഞു.