മലയാള സിനിമാ സംഘടനയായ അമ്മയുടെ തലപ്പത്ത് മോഹന്‍ലാല്‍ തന്നെ. മൂന്നാം തവണയാണ് മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്ത് എത്തിയിരിക്കുന്നത്. എതിരില്ലാതെയാണ് താരം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. ഗോകുലം കണ്വെന്ഷന് സെന്ററിലാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് അമ്മയിലുള്ളത്.
ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, കുക്കു പരമേശ്വരന് എന്നിവര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക കൊടുത്തിരുന്നു. ഇതു കൂടാതെ, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന് ചേര്‍ത്തലയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും പത്രിക നല്‍കിയിരുന്നു. ഇത്തവണ ഒഴിയാന്‍ താല്പര്യം പ്രകടിപ്പിച്ച മോഹന്‍ലാലിനെ, മത്സരം ഉണ്ടാകുമെന്ന സാഹചര്യത്തില്‍ ചുമതല തുടര്‍ന്നും നിര്‍വഹിക്കാന്‍ അംഗങ്ങള്‍ പ്രേരിപ്പിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കുന്നത് ഉചിതമല്ലെന്നു മറ്റംഗങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ പത്രിക പിന്‍വലിച്ചതെന്നാണ് വിവരം. എന്നാല്‍ മറ്റ് പദവികളിലേക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ 'ഈ വിമത പക്ഷം' ഉറച്ചുനില്‍ക്കുകയും ചെയ്തു. പത്രികാ സമര്‍പ്പണത്തിന്റെ സമയം കഴിഞ്ഞപ്പോള്‍ പ്രസിഡന്റ് സ്ഥാനത്ത് മോഹന്‍ലാല്‍ മാത്രമാണ് ഉണ്ടായത്.
സിദ്ധിഖ്, കുക്കു പരമേശ്വരന്, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി പദവിയിലേക്കുള്ള മത്സരം കടുത്തതായിരിക്കും എന്നാണ് കരുതുന്നത്. വൈസ് പ്രസിഡന്റ് പദവിയില്‍ നിലവില്‍ ഉണ്ടായിരുന്നത് ശ്വേത മേനോന്, മണിയന്‍പിള്ള രാജു എന്നിവരായിരുന്നു. ഈ പദവികളിലേക്ക് ജഗദീഷ്, ജയന് ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരാണ് മത്സരിക്കുന്നത്.
താന്‍ വഹിച്ചിരുന്ന ജനറല്‍ സെക്രട്ടറി പദവിയില്‍നിന്ന് ഒഴിയുകയാണെന്ന് ഇടവേള ബാബു അടുത്തിടെ വ്യക്തമാക്കിയിരുന്നു. അമ്മ രൂപീകരിച്ച 1994 മുതല്‍ അംഗമായ ഇടവേള ബാബു ജോയിന്റ് സെക്രട്ടറിയായും സെക്രട്ടറിയായും ജനറല്‍ സെക്രട്ടറിയായും സജീവമായ മൂന്ന് പതിറ്റാണ്ടില്‍നിന്നാണ് ഇടവേളയെടുക്കുന്നത്. സുധീര്‍ കരമന, സുരഭി ലക്ഷ്മി, ബാബുരാജ്, ടൊവീനോ തോമസ്, മഞ്ജു പിള്ള, ടിനി ടോം, ഉണ്ണി മുകുന്ദന്, ലെന, രചന നാരായണന് കുട്ടി, ലാല്‍ എന്നിവരായിരുന്നു കാലാവധി കഴിയുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍.