എപ്പോഴും അവതാരകര്‍ പ്രാങ്ക് ചെയ്യുന്നതോ അല്ലെങ്കില്‍ തിരികെ അവതാരകരെ പറ്റിക്കുന്നതോ യൂട്യൂബ് ചാനലുകളില്‍ സ്വാഭാവികമായി നടക്കാറുണ്ട്. എന്നാല്‍ ഇതിലൊന്നും പെടാത്ത ശരിക്കും സോഷ്യല്‍ മീഡിയയെ തന്ന ഞെട്ടിച്ച ഒരു സംഭവം ആണ് നടി ഹന്ന റെജി കോശിയോട് അവതാരക മോശമായി പെരുമാറിയത്.
ഡിഎന്‍എ എന്ന സിനിമയുടെ പ്രമോഷനിടെയാണ് നടി ഹന്ന റെജി കോശിയോട് യൂട്യൂപ് ചാനല്‍ അവതാരക മോശമായി പെരുമാറുന്നത്. സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയെങ്കിലും കൂടെ കിടന്നിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം. തുടര്‍ന്ന് നടി അഭിമുഖം പൂര്‍ത്തിയാക്കാതെ ഇറങ്ങിപ്പോന്നിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി ഹന്ന തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചോദ്യം ചോദിച്ച രീതി തന്നെ വേദനിപ്പിച്ചു എന്നാണ് നടി പറഞ്ഞത്. അഭിമുഖം സ്ക്രിപ്റ്റഡ് ആയിരുന്നില്ലെന്നും നടന്നത് പ്രാങ്ക് അല്ലായിരുന്നുവെന്നും താരം വ്യക്തമാക്കി.
സംഭവത്തെ കുറിച്ച് നടി പറഞ്ഞത് ഇങ്ങനെ:
'എന്തു ചോദിച്ചാലും മറുപടി പറയാമോ എന്ന് അഭിമുഖത്തിനു മുന്‍പെ അവതാരക ചോദിച്ചിരുന്നു. പക്ഷേ, ഇത്തരമൊരു ചോദ്യം പ്രതീക്ഷിച്ചില്ല എന്നാണ് ഹന്ന പറയുന്നത്. ആ ചോദ്യം ഉചിതമായിരുന്നില്ല. റീച്ച് കിട്ടാന്‍ വേണ്ടിയായിരിക്കും അവര്‍ അങ്ങനെ ഒരു ചോദ്യം ചോദിച്ചത്. ചോദ്യം ചോദിച്ച രീതി വേദനിപ്പിച്ചു. ആദ്യം പ്രതികരിക്കുന്നില്ലെന്നു കരുതി. പക്ഷേ, എന്റെ നിലപാട് എനിക്ക് വ്യക്തമാക്കണമായിരുന്നു. ആരെങ്കിലും അപര്യാദയായി പെരുമാറുകയാണെങ്കില്‍ അതിനോടുള്ള എന്റെ പ്രതികരണം എനിക്ക് പറയണമല്ലോ. എന്തിനാണ് അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത്? അതൊരു തെറ്റായ ചോദ്യമല്ലേ? അങ്ങനെയൊരു വ്യക്തിയല്ല ഞാന്‍ എന്നൊരു കാര്യം എനിക്ക് അവിടെ പറയണമായിരുന്നു. കൂടുതല്‍ പറഞ്ഞു കുളമാക്കുന്നതിനെക്കാള്‍ ഇറങ്ങിപ്പോകുന്നതായിരിക്കും ഉചിതമെന്ന് കരുതി.'- ഹന്ന പറഞ്ഞു.
സംഭവത്തില്‍ പ്രതികരണവുമായി ഡിഎന്‍എ സിനിമയുടെ നായകന് അഷ്കര്‍ സൗദാനും രംഗത്തെത്തി. ഒരാളോടും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യമാണ് ആ അവതാരക ഹന്നയോട് ചോദിച്ചത എന്നാണ് താരം പറഞ്ഞത്. ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. എല്ലാ മേഖലയിലും നല്ലതും ചീത്തയും ഉണ്ട്. ടാലന്റും വ്യക്തിത്വവും കൊണ്ടാണ് ഹന്ന ഈ മേഖലയില്‍ നില്‍ക്കുന്നത് മലയാള സിനിമയിലും ഇന്ത്യന്‍ സിനിമയിലും നിറഞ്ഞു നില്ക്കുന്ന ഒരുപാട്പേരുണ്ട്. ആരും ഇവര്‍ പറഞ്ഞതുപോലെയല്ലല്ലോ വരുന്നത്. ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത് ഞങ്ങളെ വളരെയധികം വേദനിപ്പിച്ചു എന്നാണ് അഷ്കര്‍ പറഞ്ഞത്.
ഡിഎന്‍എ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലാണ് സംഭവമുണ്ടായത്. അവതാരക ആദ്യം ചോദ്യം ചോദിച്ചപ്പോള്‍ ഹന്ന ഉത്തരം നല്‍കിയില്ല. പിന്നാലെ താരത്തിന്റെ പേരെടുത്ത് പറഞ്ഞ് വീണ്ടും ചോദ്യം ആവര്‍ത്തിക്കുകയായിരുന്നു. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ചോദിക്കണമെങ്കില്‍ അത്തരത്തിലാണ് ചോദിക്കേണ്ടത് എന്ന് പറഞ്ഞാണ് ഹന്ന ഇറങ്ങിപ്പോയത്. അശ്ലീല ചോദ്യം ചോദിച്ചതു കൂടാതെ നടിയോട് വളരെ മോശമായാണ് അവതാരക പെരുമാറിയത്. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.