വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന വിനീത് ശ്രീനിവാസന് ചിത്രം ഒടിടിയില്‍ എത്തിയപ്പോള്‍ വളരെ ട്രോളുകളാണ് നേരിട്ടത്. അതില്‍ പ്രധാനം പ്രണവ് മോഹന്‍ലാലിന്റെ സെക്കന്റ് ഹാഫിലെ ലുക്കെല്ലാം ഏറെ ട്രോള്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഇതുവരെ പറയാത്ത കാര്യങ്ങള്‍ പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്.
വര്‍ഷങ്ങള്‍ക്കു ശേഷം' പോലുള്ള ഇമോഷനല്‍ ഡ്രാമ സിനിമകള്‍ ഒടിടിയില്‍ കണ്ടാല്‍ തീര്‍ച്ചയായും ബോറടിക്കുമെന്നാണ് ധ്യാന്ൃ തുറന്നു പറയുന്നത്. 'ഇമോഷനല്‍ ഡ്രാമ ഒടിടിയിലോ ടിവിയിലോ കണ്ടിരിക്കാന്‍ പറ്റില്ല. അത്തരം സിനിമകള്‍ക്കു ലാഗ് സംഭവിക്കുകയും പ്രേക്ഷകന് ബോറടിക്കുകയും ചെയ്യുമെന്ന് ധ്യാന്‍ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
സിനിമയിലെ പ്രണവ് മോഹന്‍ലാലിന്റെ മേക്കപ്പിന്റെ കാര്യത്തിലും തനിക്ക് ആദ്യം മുതലേ ആശങ്ക ഉണ്ടായിരുന്നുവെന്നും ധ്യാന്‍ പറഞ്ഞു. പ്രണവിന്റെ മേക്കപ്പിന്റെ കാര്യത്തില്‍ അജുവും സെറ്റിലുള്ള പലരും ഇത് ഓക്കെ ആണോ എന്ന് എന്നോടു ചോദിച്ചിരുന്നു. എന്നാല്‍ വിനീതിന് അത് ഓക്കെ ആയിരുന്നു. അതെല്ലാം തീരുമാനിക്കുന്നത് സംവിധായകനാണ് എന്നും ധ്യാന്‍ പറഞ്ഞു.
തന്റെ ലുക്ക് ചെയ്തു വന്നപ്പോഴും പല സംശയങ്ങളും ഉണ്ടായിരുന്നു. അച്ഛനും ലാല്‍ അങ്കിളുമാണ് സെക്കന്‍ഡ് ഹാഫിലെ ഈ കഥാപാത്രങ്ങള്‍ ചെയ്യാനിരുന്നത്. അച്ഛന് വയ്യാതായതോടെ ഈ പ്ലാന്‍ മാറ്റി. കഥയില്‍ ഉള്‍പ്പടെ മാറ്റങ്ങള്‍ വന്നു. എങ്കിലും ഫസ്റ്റ് ഹാഫില്‍ ചെറിയ ലാഗും ക്രിഞ്ചും ഒക്കെ ഉണ്ട്. സ്ഥിരം വിനീത് ശ്രീനിവാസന് സിനിമകളില്‍ കാണുന്ന എല്ലാ ക്രിഞ്ചും ക്ലീഷേയും ഉള്ള ഫോര്‍മുല സിനിമയാണിത്. ഷൂട്ട് ചെയ്യുന്ന സമയത്തും ചില ഭാഗങ്ങള്‍ ക്രിഞ്ച് അല്ലേ, ക്ലീഷേ അല്ലെ എന്നു പറഞ്ഞിട്ടുണ്ട്. ഒടിടിയില്‍ സിനിമ കണ്ട് പ്രേക്ഷകര്‍ പറയുന്നത് കൃത്യമായ കാര്യങ്ങളാണ്. ഇതൊക്കെ നമുക്ക് മുന്നേ തോന്നിയ കാര്യങ്ങളാണെന്നതാണ് വാസ്തവം. ചേട്ടന് ഇതിലൂടെ ഉപയോഗിക്കുന്നത് എന്തു സ്ട്രാറ്റജി ആണെന്നോ തിരക്കഥാ വൈദഗ്ധ്യമാണോ എന്നറിയില്ല, അദ്ദേഹം അത് മനഃപൂര്‍വം ഉള്‍പ്പെടുത്തുന്നതാണ്. ഉദാഹരണത്തിന് സിനിമയില്‍ വിനീത് ഡ്രൈവറായി വരുന്നതിനു പകരം വേറൊരാളെ ഡ്രൈവറുടെ വേഷത്തില്‍ വയ്ക്കണമെന്ന് തുടക്കം മുതല്‍ താന്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ താനും ചേട്ടനും ഒരുമിച്ച് കോംബോ വേണമെന്നത് വിശാഖ് സുബ്രഹ്മണ്യനു നിര്‍ബന്ധമായിരുന്നു. ചേട്ടന് ആ റോള്‍ ചെയ്യാന്‍ ഒരു താല്പര്യവുമില്ലായിരുന്നു എന്നും ധ്യാന്‍ വ്യക്തമാക്കി.
ചില സിറ്റുവേഷനൊക്കെ കാണുമ്പോള്‍ ഇത് ക്ലീഷേ അല്ലേ എന്നു തോന്നും. തിയറ്ററിലും ചെറിയ രീതിയില്‍ എനിക്കു ബോറടിച്ചിരുന്നു. ഇതൊരു വലിയ സിനിമയാണെന്ന അവകാശവാദമൊന്നുമില്ലായിരുന്നു. പക്ഷേ പ്രേക്ഷകരുടെ കണ്ണില്‍ പൊടിയിട്ടും, മ്യൂസിക്കും പരിപാടിയുമൊക്കെയായി അദ്ദേഹം അത് വിജയിപ്പിച്ചെടുക്കും. സിനിമയുടെ കാര്യത്തില്‍ ഓരോ ആളുകളുടെയും കാഴ്ചപ്പാട് വ്യത്യാസപ്പെട്ടിരിക്കും. തിയേറ്ററില്‍ വന്നപ്പോള്‍ ഇത്രയേറെ വിമര്‍ശനങ്ങള്‍ സിനിമയ്ക്കു ലഭിച്ചില്ല എന്നും ധ്യാന്‍ പറഞ്ഞു.