വന്ദേ ഭാരത് എക്സ്പ്രസില്‍ യാത്രക്കാര്‍ക്ക് നല്കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി). ഭോപ്പാലില്‍ നിന്ന് ആഗ്രയിലേക്ക് സഞ്ചരിച്ച ദമ്പതികള്‍ വാങ്ങിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. എക്സ്പ്രസില്‍ യാത്ര ചെയ്യവേ തന്റെ അമ്മാവനും അമ്മായിക്കും ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയതിന്റെ ദ്യശ്യങ്ങള്‍ വിദിത് വര്‍ഷ്ണി എന്നയാളാണ് എക്സില്‍ പോസ്റ്റിട്ടത്.
ഈ വിഷയത്തില്‍ കര്‍ശനമായ നടപടിയെടുക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. പക്ഷെ വിദിത് പോസ്റ്റ് പങ്കിട്ട് രണ്ട് ദിവസത്തിന് ശേഷം ഐആര്‍സിടിസി ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. അനുയോജ്യമായ പിഴ ചുമത്തിയിട്ടുണ്ടെന്നും ഐആര്‍സിടിസി അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് വേണ്ടിയുള്ള ഔദ്യോഗിക അക്കൗണ്ടായ റെയില്‍വേ സേവയും വിദിത്തിന്റെ പരാതിയോട് പ്രതികരിച്ചു.
മോശം അനുഭവം ഉണ്ടായതില്‍ ഖേദിക്കുന്നതായും ഭക്ഷണത്തിന്റെ ഉത്പാദനത്തിലും വിതരണത്തിലും കൂടുതല്‍ ശ്രദ്ധ ഉറപ്പുവരുത്തുമെന്നും ഐ.ആര്.സി.ടി.സി അധികൃതര്‍ വ്യക്തമാക്കി.ഈ സംഭവം റെയില്‍വേയില്‍ വിളമ്പുന്ന ഭക്ഷണത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്.
ഫെബ്രുവരിയില്‍, രേവ വന്ദേ ഭാരത് എക്സ്പ്രസിലും ഭക്ഷണത്തില്‍ ചത്ത പാറ്റയെ കണ്ടെത്തിയിരുന്നു. ജനുവരിയില്‍ ദില്ലിയില്‍ നിന്ന് വാരണാസിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസില്‍ ഒരു യാത്രക്കാരന് തനിക്കും മറ്റുള്ളവര്‍ക്കും പഴകിയ ഭക്ഷണം വിളമ്പിയതായി ആരോപിച്ചിരുന്നു.