ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആംദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന് ഡല്‍ഹി റോസ് അവന്യു കോടതി ജാമ്യം അനുവദിച്ചു. കേജ്രിവാള് ഇന്ന് ജയില്‍ മോചിതനായേക്കും.
ഒരു ലക്ഷം രൂപ ജാമ്യത്തിലാണ് മോചനം. ജാമ്യം 48 മണിക്കൂര്‍ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന ഇ.ഡി ആവശ്യം അവധിക്കാല ബെഞ്ചിലെ ജഡ്ജ് നിയയ് ബിന്ദു തള്ളുകയായിരുന്നു. മാര്‍ച്ച് 21ന് ഇ.ഡി അറസ്റ്റു ചെയ്ത കേജ്രിവാളിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ മേയില്‍ സുപ്രീംകോടതി 20 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂണ്‍ രണ്ടിന് ജയിലില്‍ തിരിച്ചെത്തി. മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസില്‍ തന്റെ കക്ഷി പ്രതിയല്ലെന്നും മാപ്പുസാക്ഷിയായവര്‍ നല്കിയ മൊഴികള്‍ അവിശ്വസനീയമാണെന്നും കേജ്രിവാളിന്റെ അഭിഭാഷകന് വിക്രം ചൗധരി വാദിച്ചു.
കേജ്രിവാള് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഫോണിന്റെ പാസ്വേര്ഡ് നല്‍കുന്നില്ലെന്നും ഇ.ഡി വാദിച്ചു. സര്‍ക്കാരുമായി ബന്ധമില്ലാത്ത വിജയ് നായരെ കേജ്രിവാള് ഇടനിലക്കാരനായി ഉപയോഗിച്ചെന്നും മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 100 കോടിരൂപ ആവശ്യപ്പെട്ടെന്നുമടക്കം വാദങ്ങളും ഇ.ഡി ഉന്നയിച്ചെങ്കിലും കോടതി കണക്കിലെടുത്തില്ല.