തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ചിന്നദുരൈ അറസ്റ്റില്‍. നൂറിനടുത്ത് വ്യാജമദ്യ കേസുകളില്‍ പ്രതിയാണ് ചിന്നദുരൈയെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. കടലൂരില്‍ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗോവിന്ദരാജ്, ദാമോദരന്‍, വിജയ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. കള്ളക്കുറിച്ചിയില്‍ വ്യാജമദ്യദുരന്തത്തിലെ മരണസംഖ്യ 50 ആയി ഉയര്‍ന്നു.
വ്യാജമദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട് നൂറിലധികം കേസുകളുള്ള ഒരാള്‍ എങ്ങനെ ജയിലിന് പുറത്തിറങ്ങി കുറ്റകൃത്യങ്ങള്‍ തുടരുന്നു എന്നത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബം ഇന്നലെ തന്നെ ചിന്നദുരൈയുടെ അറസ്റ്റ് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ രാജ്ഭവന് നടപടി ആരംഭിച്ചു. ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. വിഷമദ്യ ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറന്‍സിക് പരിശോധനയില്‍ മദ്യത്തില്‍ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു.
ലോഡിംഗ് തൊഴിലാളികളും ദിവസ വേതനക്കാരുമാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം. വ്യാജ മദ്യ ദുരന്തത്തിന് പിന്നാലെ ജില്ലാ കലക്ടര്‍ ശ്രാവണ്‍ കുമാറിനെ സ്ഥലം മാറ്റി. കൂടാതെ ജില്ലാ പൊലീസ് മേധാവിക്കെതിരെയും നടപടിയെടുത്തു. എസ്പി സമയ്സിങ് മീനയെ സസ്പെന്‍ഡ് ചെയ്തു. പൊലീസ് ലഹരിവിരുദ്ധ വിഭാഗത്തിലെ ഡെപ്യൂട്ടി സൂപ്രണ്ടടക്കം മുഴുവന്‍ ഉദ്യോഗസ്ഥരെയും താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.