സ്റ്റൈല്‍ മന്നന് രജനീകാന്ത് തമിഴ് ആരാധകരുടെ മാത്രമല്ല മലയാളി ആരാധകരുടെയും പ്രിയപ്പെട്ട താരമാണ്. ഒരു കാപട്യങ്ങളും ഇല്ലാത്ത പച്ചയായ മനുഷ്യനെന്നാണ് പലരും അദ്ദേഹത്തെ കുറിച്ച് പറയുന്നത്. ഏത് തരത്തിലുള്ള ആളുകളോട് ആണെങ്കിലും അത് ഒരു ആരാധകനാണെങ്കിലും വലിയൊരു സൂപ്പര്‍ താരമാണെങ്കിലും വളരെ ബഹുമാനത്തോടായാണ് രജനീകാന്ത് പെരുമാറാറ്. ഇപ്പോഴിതാ താരം മദ്യപാനം നിറുത്താനുണ്ടായ സാഹചര്യത്തെ കുറിച്ചാണ് താരം തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്.
സംവിധായകന് കെ.ബാലചന്ദറിനോടൊപ്പം ഒരിക്കല്‍ സിനിമ ചെയ്യുന്നതിനിടെ ആണ് താന്‍ മദ്യാപാനം ഉപേക്ഷിച്ചതെന്നാണ് രജനീകാന്ത് പറയുന്നത്. അന്ന് തന്നെ ഒറ്റവാക്കില്‍ ഉപദേശിച്ച് തന്റെ ആ ശീലം തന്നെ അദ്ദേഹം മാറ്റിയെടുത്തു എന്നും രജനീകാന്ത് പറയുന്നു.
രജനീകാന്തിന്റെ വാക്കുകള്‍ ഇങ്ങനെ: ''ഒരിക്കല്‍ ഞാന്‍ ബാലചന്ദര്‍ സര് സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ഷൂട്ട് കഴിഞ്ഞ് റൂമില്‍ എത്തിയപ്പോള്‍ ഞാന്‍ അല്പം മദ്യപിച്ചു. പെട്ടന്ന് ഒരു സീന്‍ കൂടി എടുക്കാനുണ്ടെന്നും ഞാന്‍ ഉടന്‍ ചെല്ലണമെന്നും പറഞ്ഞ് ഒരാള്‍ എന്നെ വിളിച്ചു.
പെട്ടന്ന് തന്നെ ഞാന്‍ കുളിച്ച് പല്ല് തേച്ച് മൗത്ത് സ്പ്രേയൊക്കെ അടിച്ച് മോക്കഅപ്പ് ഇട്ട് റെഡിയായി. മദ്യപിച്ചത് അറിയാതിരിക്കാന്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് പോയില്ല. പക്ഷെ അദ്ദേഹത്തിന് ഞാന്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായി. എന്നെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് ചോദിച്ചു, 'നിനക്ക് നാഗേഷിനെ അറിയുമോ? എന്ത് നല്ല കലാകാരനാണ്. അവന്റെ മുന്പില് നീ ഒരു ഉറുമ്പ് പോലുമല്ല. പക്ഷെ മദ്യപിച്ച് നാഗേഷ് അവന്റെ ജീവിതം പാഴാക്കി. ഇനി നിന്നെ മദ്യപിച്ച് കണ്ടാല്‍ ചെരുപ്പ് ഊരി അടിക്കും. അന്ന് ഞാന്‍ ഷൂട്ടിങ് സെറ്റില്‍ മദ്യപിക്കുന്നത് നിര്‍ത്തി. കശ്മീരിലോ ജമ്മുവിലോ, എത്ര തണുപ്പുള്ള സ്ഥലത്ത് ഷൂട്ടിന് പോയാലും, ഒരു തുള്ളി മദ്യം പോലും ഞാന്‍ കഴിക്കില്ല,'' രജനീകാന്ത് പറഞ്ഞു.
മദ്യപാനം ഇല്ലായിരുന്നെങ്കില്‍ താന്‍ ഇന്നത്തേതിനെക്കാള്‍ വലിയ താരമായേനെ എന്ന് അടുത്തിടെ രജിനി തുറന്നു പറഞ്ഞിരുന്നു. മദ്യപാനം ജീവിതത്തിലെ ഏറ്റവും വലിയ തെറ്റാണെന്നും, മദ്യപാനം ഇല്ലായിരുന്നുവെങ്കില്‍ ജീവിതത്തില്‍ വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നെന്നുമാണ് രജനി പറഞ്ഞത്.