മറ്റ് പരമ്പരകളില്‍ നിന്ന് ഏറെ വ്യത്യസ്തത പുലര്‍ത്തി പുറത്ത് വന്ന പരമ്പരയാണ് ഉപ്പും മുളകും. പരമ്പര ആദ്യ സീസണ് ഒന്നിന് ശേഷം രണ്ടും വന്നിരുന്നു. എന്നാല്‍ സീസണ് രണ്ടും നിറുത്തലാക്കിയതോടെ ഇനിയുള്ള അടുത്ത സീസണിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. ആ കാത്തിരിപ്പ് ഇതാ സഫലമാകുകയാണ്. ഉപ്പും മുളകും സീസണ് മൂന്ന് എത്തുകയാണ്.
സീസണ് രണ്ടിന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റിരുന്നു. ഒന്നാം സീസണില്‍ ഉണ്ടായിരുന്ന മുടിയന് പരമ്പരയില്‍ നിന്നും പിന്മാറിയത് ആരാധകര്‍ക്ക് വലിയ വിഷമം ആയിരുന്നു. എന്നിരുന്നാലും ആര്‍പി റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ ആയിരുന്നു സീസണ് രണ്ടും മൂന്നും ഉണ്ടായിരുന്നത്.
തിങ്കളാഴ്ച മുതല്‍ തുടങ്ങുന്ന പരമ്പരയില്‍ രണ്ട് പുതിയ താരങ്ങള്‍ കൂടി ചേരുകയാണ്. സോഷ്യല്‍ മീഡിയ താരങ്ങളായ നന്ദൂട്ടിയും ഇസ്ദാനും ആണ് പരമ്പരയില്‍ എത്തുന്നത്. മാത്രമല്ല സീസണ് ഒന്നിലുണ്ടായിരുന്ന കുട്ടിമാമന് എന്ന കഥാപാത്രം ചെയ്തിരുന്ന ശ്രീകുമാര്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും സീസണ് മൂന്നിനുണ്ട്.
അളകനന്ദ എന്നാണ് നന്ദൂട്ടിയുടെ പേര്. ഇസ്ദാനു പ്രായം രണ്ടുവയസ്സും. രണ്ടുപേരും സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങള്‍ ആണ്. ഓഡിഷന് വഴിയാണ് ഇരുവര്‍ക്കും സീരിയല്‍ എന്‍ട്രി ലഭിച്ചത്.
ഒരുപാട് താരങ്ങള്‍ ഒക്കെയായി വലിയൊരു സര്‍പ്രൈസോടെ ഇത്തവണത്തെ മൂന്നാം സീസണ് ആരംഭിക്കും എന്നാണ് ശ്രീകണ്ഠന് നായര്‍ കഴിഞ്ഞദിവസം പറഞ്ഞത്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഒക്കെ സിനിമ റിലീസ് ആകുമ്പോള്‍ കാത്തിരിക്കുന്ന ആവേശത്തോടെയാണ് ഉപ്പും മുളകും എന്ന പരിപാടിക്ക് വേണ്ടി പലപ്പോഴും ആരാധകര്‍ കാത്തിരിക്കുന്നത് എന്നും ഇപ്പോള്‍ ഉപ്പും മുളകും വീണ്ടും എത്തുമ്പോള്‍ ആ സന്തോഷം ആളുകളില്‍ കാണാന്‍ സാധിക്കുന്നുണ്ട് എന്നും ഒക്കെയാണ് ന്യൂസ് ലൈവിനിടെ ശ്രീകണ്ഠന് നായര്‍ പറഞ്ഞത്.