ഉത്തര്‍പ്രദേശില്‍ യുവാവിനോട് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ കൊടും ക്രൂരത. ഉത്തര്‍പ്രദേശിലെ മുസാഫര്‍പുര്‍ ഗ്രാമത്തിലെ മുജാഹിദ് എന്ന യുവാവിനോടാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ ക്രൂരത ചെയ്തത്. യുവാവിനെ പ്രാദേശിക മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് അനസ്തീസിയ നല്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെന്ന് പരാതി. സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ ഓംപ്രകാശെന്ന യുവാവിനെതിരെ പോലീസ് കേസെടുത്തു
മുസാഫര്‍നഗറിലെ മന്‍സൂര്‍പൂരിലെ ബെഗ്രജ്പൂര്‍ മെഡിക്കല്‍ കോളേജിലാണ് അതിവിചിത്രമായ സംഭവം നടന്നത് . ഇക്കഴിഞ്ഞ ജൂണ്‍ 3 നു ഓംപ്രകാശ് തനിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്നും പരിശോധന വേണമെന്നും പറഞ്ഞ് മുജാഹിദിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്ന് പറയുന്നു. പിന്നീട് ഡോക്ടര്‍മാരുമായുള്ള ഓംപ്രകാശിന്റെ ഒത്തുകളിയുടെ ഫലമായി മുജാഹിദിനെ അനസ്തീസിയ നല്കി മയക്കി ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു എന്നാണ് ആരോപണം. 'ഓംപ്രകാശാണ് എന്നെ ഇവിടെ കൊണ്ടുവന്നത്. പിറ്റേന്ന് രാവിലെ എനിക്ക് ഒരു ഓപ്പറേഷന് നടത്തി. ബോധം വന്നപ്പോള്‍, ആണ്കുട്ടിയില് നിന്ന് പെണ്‍കുട്ടിയായി മാറിയിരുന്നു എന്നാണു മുജാഹിദ് പറയുന്നത്
തന്നോടുള്ള വ്യക്തിവിരോധം തീര്‍ക്കാനാണ് ഓംപ്രകാശ് ഇങ്ങനെ ചെയ്തത് എന്നും കഴിഞ്ഞ രണ്ട് വര്‍ഷമായി ഓംപ്രകാശ് ഭീഷണിപ്പെടുത്തുന്നുണ്ട് എന്നും മുജാഹിദ് പറയുന്നു . ഇനിയുള്ളകാലം തനിക്കൊപ്പം ജീവിക്കേണ്ടി വരുമെന്നും കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ആരും തന്നെ അംഗീകരിക്കില്ലെന്നും ഓംപ്രകാശ് ഭീഷണിപ്പെടുത്തി എന്നും മുജാഹിദ് പരാതിയില്‍ പറയുന്നു
'ഞാന്‍ നിന്നെ പുരുഷനില്‍ നിന്ന് സ്ത്രീയാക്കി, ഇനി എനിക്കൊപ്പം ജീവിക്കണം. നിന്റെ പിതാവിനെ വെടിവെച്ച് കൊന്ന് നിന്റെ പേരിലുള്ള സ്വത്ത് കൈക്കലാക്കി അത് വിറ്റ് ലക്നൗവിലേക്ക് പോകും' എന്നിങ്ങനെയായിരുന്നു ഭീഷണിയെന്നും മുജാഹിദ് പോലീസിനോട് പറഞ്ഞു
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുജാഹിദിന്റെ കുടുംബവും നാട്ടുകാരും ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ ഉള്‍പ്പെട്ട ആശുപത്രി ജീവനക്കാരെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന്മുസാഫര്‍നഗര്‍ പൊലീസ് ഓഫീസര്‍ രമാശിഷ് യാദവ് പറഞ്ഞു.