ന്യൂയോര്‍ക്ക് :ലോങ്ങ് ഐലന്‍ഡിലെ മുന്‍നിര സി.പി.എ ആയ എബ്രഹാം ഫിലിപ്പ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ന്യൂയോര്‍ക്കിലെ പ്രമുഖ മലയാളി സംഘടനയായ കേരളാ സെന്റര്‍ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് എബ്രഹാം ഫിലിപ്പിനെ എന്‍ഡോഴ്സ് ചെയ്തിരിക്കുന്നത്. ഫോമാ സ്ഥാപിതമായ വര്‍ഷം മുതല്‍ ഫോമായില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എബ്രഹാം ഫിലിപ്പ്. ഫോമായുടെ ആരംഭകാലമായ 2008 മുതല്‍ 2018 വരെ പത്തു വര്‍ഷക്കാലം ഫോമായുടെ ഓഡിറ്റര്‍ ആയി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
'വളരെ വിശ്വസ്തതയോടും അര്‍പ്പണ മനോഭാവത്തോടെയും ഏറ്റെടുക്കുന്ന പ്രവര്‍ത്തികളെല്ലാം സമയബന്ധിതമായി ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്ന വ്യക്തിയാണ് ശ്രീ. എബ്രഹാം ഫിലിപ്പ്. കേരളാ സെന്ററിന്റെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായി അദ്ദേഹം ദീര്‍ഘകാലമായി സേവനം ചെയ്യുന്നു. അതോടൊപ്പം വര്‍ഷങ്ങളായി കേരളാ സെന്ററിന്റെ അക്കൗണ്ടുകള്‍ മുഴുവന്‍ കൈകാര്യം ചെയ്യുകയും യഥാ സമയം ഓഡിറ്റ് ചെയ്ത് ഐ.ആര്.എസ്-നു സമര്‍പ്പിക്കുകയും ചെയ്യുന്ന വ്യക്തികൂടിയാണ് എബ്രഹാം. അക്കൗണ്ട് സംബന്ധമായ പ്രസ്തുത സേവനങ്ങളെല്ലാം സൗജന്യമായാണ് അദ്ദേഹം ചെയ്യുന്നത് എന്നതാണ് പ്രത്യേകത. സേവന മനസ്ഥിതിയുള്ള ശ്രീ ഫിലിപ്പ് ഫോമായ്ക്ക് നല്ല ഒരു മുതല്‍ക്കൂട്ടായിരിക്കും എന്നതിനാലാണ് കേരളാ സെന്റര്‍ അദ്ദേഹത്തെ ഫോമാ നാഷണല്‍ കമ്മറ്റിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നത്. വോട്ടവകാശമുള്ള എല്ലാ ഫോമാ അംഗങ്ങളും കക്ഷിഭേദമെന്യേ എബ്രഹാം ഫിലിപ്പിന് വോട്ട് ചെയ്ത് അദ്ദേഹത്തെ നാഷണല്‍ കമ്മറ്റി അംഗമാക്കി ഫോമായ്ക്ക് ഒരു മുതല്‍ക്കൂട്ടാക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു' കേരളാ സെന്റര്‍ പ്രസിഡന്റ് അലക്സ് എസ്തപ്പാന് ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചു.
ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ ദീര്‍ഘ കാല സജീവ പ്രവര്‍ത്തകനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കയ്യഴിഞ്ഞു സഹായിക്കുന്ന വ്യക്തിയുമാണ് എബ്രഹാം ഫിലിപ്പ്. ഫോമായിലൂടെയും മറ്റ് പല സംഘടനകളിലൂടെയും അദ്ദേഹം നേരിട്ടും ജന്മനാട്ടില് ധാരാളം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്കിവരുന്നു. ഫോമായില്‍ ലഭിക്കുന്ന സാമ്പത്തിക ഫണ്ടുകള്‍ യഥാവിധി അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനും അനുയോജ്യമായ വിധം ഉപയോഗിച്ച് ഫണ്ടുകളുടെ ദുരുപയോഗം ഇല്ലാതാക്കുന്നതിനും എബ്രഹാം ഫിലിപ്പിന്റെ സേവനം ഫോമായ്ക്ക് അനിവാര്യമാണ്. ഫോമാ ഏതു പ്രോജെക്ടുകള്‍ മുന്‍പോട്ടു കൊണ്ടുവന്നാലും അതിന്റെ ആവശ്യകത ശരിയാംവിധം വിശകലനം ചെയ്ത് അതിന്റെ ഗുണഗണങ്ങള്‍ ഉപഭോക്താവിന് ഉചിതമായി ലഭിക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനും നടപ്പിലാക്കുന്നതിനും എബ്രഹാമിനെപ്പോലെ വിദഗ്ധരുടെ സേവനം ഫോമായ്ക്ക് അത്യാവശ്യമാണ്. അതിനാല്‍ ഫോമായുടെ നല്ല ഭാവിയെ മുന്‍ നിര്‍ത്തി എബ്രഹാം ഫിലിപ്പിനെ ഫോമാ നാഷണല്‍ കമ്മറ്റി അംഗമായി തെരഞ്ഞെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു