വീട്ടു ജോലിക്കാരെ ചൂഷണം ചെയ്തതിന് യുകെയിലെ ഏറ്റവും സമ്പന്നമായ ഹിന്ദുജ കുടുംബം സ്വിറ്റ്സര്‍ലന്റില്‍ ശിക്ഷിക്കപ്പെട്ടു. ജനീവയിലെ തങ്ങളുടെ വില്ലയില്‍ ജോലി ചെയ്യാന്‍ ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന ജീവനക്കാരെ ചൂഷണം ചെയ്തതിനാണ് യുകെയിലെ ഏറ്റവും സമ്പന്ന കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് ജയില്‍ ശിക്ഷ ലഭിച്ചത്. പ്രകാശ്, കമല്‍ ഹിന്ദുജ, അവരുടെ മകന് അജയ്, ഭാര്യ നമ്രത എന്നിവരെയാണ് ചൂഷണത്തിനും നിയമവിരുദ്ധ ജോലിക്കും കുറ്റക്കാരാണെന്ന് കണ്ടെത്തി സ്വിസ് കോടതി നാല് മുതല്‍ നാലര വര്‍ഷം വരെ തടവിന് ശിക്ഷിച്ചത്.
അതേസമയം, മനുഷ്യക്കടത്ത് എന്ന ഗുരുതരമായ കുറ്റത്തില്‍ നിന്നും ഇവരെ ഒഴിവാക്കി. വിധിക്കെതിരെ അപ്പീല്‍ പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ പറഞ്ഞു.
കോടതിക്ക് പുറത്ത് സംസാരിച്ച പ്രതികളുടെ അഭിഭാഷകന് റോബര്‍ട്ട് അസ്സേല്, വിധി കേട്ട് താന്‍ ഞെട്ടിപ്പോയെന്നും തങ്ങള്‍ അതിനെതിരെ പോരാടാന്‍ പോകുന്നുവെന്നും പറഞ്ഞു. ഇന്ത്യയില്‍ നിന്ന് കൊണ്ടുവന്ന മൂന്ന് തൊഴിലാളി കുടുംബം, 18 മണിക്കൂര്‍ ജോലിക്ക് തങ്ങള്‍ക്ക് 8 ഡോളര്‍ (7 പൗണ്ട് ) മാത്രമാണ് നല്‍കിയതെന്ന് ആരോപിച്ചു. സ്വിസ് നിയമപ്രകാരം നല്‍കേണ്ട പ്രതിഫലത്തിന്റെ പത്തിലൊന്നില്‍ താഴെയാണിത്.
ജനീവയിലെ കൊളോണിയിലെ സമ്പന്നമായ പ്രദേശത്ത് താമസിക്കുന്ന ഈ കുടുംബത്തിന് ഏകദേശം 37 ബില്യണ്‍ പൗണ്ടിന്റെ ആസ്തി ഉള്ളതായാണ് കണക്കാക്കുന്നത്. വിചാരണ വേളയില്‍, കുടുംബം അവരുടെ ജോലിക്കാരെക്കാള്‍ കൂടുതല്‍ അവരുടെ നായയ്ക്കായി ചെലവഴിച്ചുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു.
എന്നാല്‍ ജീവനക്കാര്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ ലഭിച്ചുവെന്നും ഒറ്റപ്പെട്ടിരുന്നില്ലെന്നും വില്ല വിട്ടുപോകാന്‍ സ്വാതന്ത്ര്യമുണ്ടെന്നും പ്രതിഭാഗം വാദിച്ചു. തങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്തതിന് ഹിന്ദുജകളോട് ജീവനക്കാര്‍ നന്ദിയുള്ളവരായിരുന്നു എന്നും പ്രതിഹാഗം അഭിഭാഷകന് വാദിച്ചു.
70 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന ഹിന്ദുജകള് അനാരോഗ്യം ചൂണ്ടിക്കാട്ടി കോടതി നടപടികളില്‍ പങ്കെടുത്തില്ല. അജയും നമ്രതയും കോടതിയില്‍ ഹാജരായെങ്കിലും വിധി കേള്‍ക്കാന്‍ എത്തിയിരുന്നില്ല.
അന്താരാഷ്ട്ര സംഘടനകളുടെയും ലോകത്തിലെ സമ്പന്നരുടെയും കേന്ദ്രമായ ജനീവയില്‍ ജോലിക്കാരോട് മോശമായി പെരുമാറിയ ഇത്തരം സംഭവങ്ങളുടെ പേരില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത് ഇതാദ്യമല്ല.
ഹിന്ദുജ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുജ ഗ്രൂപ്പ്, എണ്ണ, വാതകം, ബാങ്കിംഗ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ഗ്രൂപ്പാണ്. ലണ്ടനിലെ റാഫിള്‍സ് ഹോട്ടലും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്.