താര പുത്രന്മാരില് ലളിത ജീവിതം നയിക്കുന്ന വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍ എന്ന് എല്ലാവര്ക്കും അറിയാം. പ്രണവിനെ സാധാരണക്കാരുടെ ഇടയില്‍ വെച്ചും വഴിയരികിലെ ചായക്കടയില്‍ വെച്ചുമെല്ലാം പലരും കാണാറുണ്ട്. ഒരു സിനിമ ചെയ്താല്‍ പോലും അതിന്റെ പ്രമോഷന് പ്രണവ് പോകാറില്ല. എപ്പോഴും യാത്രകള്‍ തന്നെയായിരുന്നു പ്രണവിന്.
മോഹന്‍ലാലുമായി വളരെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് ക്യാമറാമാനും തിരക്കഥാകൃത്തുമൊക്കെയായ അനീഷ് ഉപാസന. ഇപ്പോഴിതാ അനീഷ് പ്രണവിനെ കുറിച്ച് പറഞ്ഞ ഒരു കാര്യമാണ് ശ്രദ്ധ നേടുന്നത്. ബറോസിന്റെ സെറ്റില്‍ മോഹന്‍ലാലിനെ കാണാന്‍ പ്രണവ് എത്തിയ സംഭവം ആണ് അനീഷ് വിവരിക്കുന്നത്. അച്ഛനെ കാണാനെത്തിയ പ്രണവിനെ സെക്യൂരിറ്റി തടഞ്ഞെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ അപ്പോഴും പ്രണവിന്റെ സമീപനം വളരെ വ്യത്യസ്തമായിരുന്നു.
'പ്രണവിനോട് കുറച്ച് സമയങ്ങളിലൊക്കെ സംസാരിച്ചിട്ടുണ്ട്. ആള് അങ്ങനെ സംസാരിക്കില്ല. ഒരു ദിവസം ബറോസിന്റെ സെറ്റിലേക്ക് പ്രണവ് വന്നു. ഞാന്‍ പാര്‍ക്കിംഗ് ഏരിയയില്‍ നില്‍ക്കുകയാണ്. ഗേറ്റ് ക്ലോസ് ചെയ്തിട്ടുണ്ട്. അച്ഛന് ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും പറഞ്ഞ് ഒരാള്‍ വന്നിട്ടുണ്ടെന്ന് സെക്യൂരിറ്റി വന്ന് പറഞ്ഞു. പാസ് ഇല്ലാതെ കയറ്റിവിടാന്‍ പറ്റില്ല, സാര്‍ പ്രശ്നമാക്കുമെന്ന് ഞാന്‍ പറഞ്ഞു.
അകത്തേക്ക് കയറ്റിവിടില്ലെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ചിരിക്കുകയാണെന്ന് സെക്യൂരിറ്റി പറഞ്ഞു. ഒന്നാമത് തലേദിവസം അവിടെ ആരോ കയറിയിട്ട് ചെറിയ ബഹളമുണ്ടായിട്ടുണ്ട്. പോകാന്‍ പറഞ്ഞിട്ടും പുള്ളി പോകുന്നില്ലെന്നും സാര്‍ ഒന്ന് വരണമെന്നും സെക്യൂരിറ്റി ആവശ്യപ്പെട്ടു. അങ്ങനെ ഞാന്‍ ചെന്നു. പ്രണവാണ് വണ്ടിയിലിരിക്കുന്നത്. തൊപ്പിയൊക്കെ വച്ചിട്ടുണ്ട്. ഞാന്‍ അപ്പൂ, വാ എന്ന് പറഞ്ഞു. നേരെ കൊണ്ടുപോയി ലാല്‍ സാറിന്റെടുത്ത് ആക്കിക്കൊടുത്തു. ഊബറിലാണ് ആള് വന്നത്.
ഫുഡ് കഴിക്കാന്‍ ഇരിക്കുകയാണ് ഞങ്ങള്‍. പ്രൊഡക്ഷന്റെ ഫുഡ് ഒരു ടേബിളില്‍ വച്ചിട്ടാണ് കൊടുക്കുക. ഞാന്‍ നോക്കുമ്പോള്‍ ആ ക്യൂവില്‍ പ്രണവ് നില്‍ക്കുകയാണ്. പുള്ളി അവിടെ നിന്നിട്ടേ വാങ്ങുകയുള്ളൂവെന്ന് പറഞ്ഞു. ക്യൂവില്‍ നിന്ന് ഭക്ഷണമൊക്കെയെടുത്ത് ഹിന്ദിക്കാര് നില്ക്കുന്ന മൂലയില്‍ പോയി ഒരു കസേരയിട്ട് കഴിച്ചു. അത്രയും സിമ്പിളാണ്. ആഡംബരമൊന്നും പുള്ളിയെ ആകര്‍ഷിക്കുന്ന കാര്യമേ അല്ല. വരുന്നു, അച്ഛനെ കാണുന്നു, ഫുഡ് കഴിക്കുന്നു, പോകുന്നു. എവിടുന്നോ വരുന്നു, എവിടേക്കോ പോകുന്നു.'- അനീഷ് ഉപാസന പറഞ്ഞു.