റെഡിച്ചില്‍ താമസിക്കുന്ന യുകെ മലയാളികളായ ദമ്പതികളുടെ 4 വയസ്സുകാരിയായ മകള്‍ മരണമടഞ്ഞു. ചങ്ങനാശ്ശേരി സ്വദേശികളായ ജോസഫ് തോമസ് ( ടിജോ) തെക്കേടത്തിന്റെയും അഞ്ചുവിന്റെയും മകളായ എയ്ഞ്ചലിന്റെ മരണം ഉള്‍ക്കൊള്ളാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. ഈ കുഞ്ഞുമാലാഖ എന്നാല്‍ ഇനി മറ്റ് പലരിലൂടെയും ഈ ലോകത്ത് ജീവിക്കും. ഹൃദ്യം പൊട്ടുന്ന വേദനയ്ക്കിടയിലും ടിജോയും അഞ്ചുവും മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം നല്കി.
എയ്ഞ്ചലിന് ഛര്ദ്ദിയായിട്ടായിരുന്നു അസുഖം ആരംഭിച്ചത്. റെഡിച്ചില്‍ തന്നെ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ ആണ് ആദ്യം ചികിത്സ തേടിയത്. കുട്ടിയുടെ സ്ഥിതി മോശമായിരുന്നതിനെ തുടര്‍ന്ന് ഉസ്റ്റര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവിടെവച്ച് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി ബര്‍മിംഗ്ഹാം ചില്‍ഡ്രന്‍ ഹോസ്പിറ്റലിലേയ്ക്ക് മാറ്റുകയായിരുന്നു. അവിടെ ചികിത്സയില്‍ ഇരിക്കയാണ് മരണം സംഭവിച്ചത്.
എയ്ഞ്ചലിന്റെ മൂത്ത സഹോദരന് എഡ്വിന് ഒന്നാം ക്ലാസിലാണ് പഠിക്കുന്നത്. റെഡിച്ച് തന്നെയുള്ള ടിജോയുടെ സഹോദരി ടിഷയും ഭര്‍ത്താവ് ഷിബുവും മറ്റ് സുഹൃത്തുക്കളും കുടുംബത്തിനൊപ്പമുണ്ട്. കുഞ്ഞ് എയ്ഞ്ചലിന്റെ പൊതു ദര്‍ശനവും മൃത സംസ്കാരവും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും.