മാറ്റങ്ങളുടെയും പുതുമകളുടേയും ഒരു കലവറയാണ് വാട്സ്ആപ്പ്. ഓരോ ദിവസവും ഉപയോക്താക്കളുടെ താല്പര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ വാട്സ്ആപ്പ് ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പുതിയൊരു ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്.
ഓഗ്മെന്റഡ് റിയാലിറ്റി (എ.ആര്) ഫീച്ചറുകളാണ് വാട്സ്ആപ്പ് ഏറ്റവും പുതിയതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്സാപ്പ് കോളുകളില്‍ ഇഫക്ടുകള്‍ ഉപയോഗപ്പെടുത്താനും ഫില്‍റ്ററുകള്‍ കൊണ്ടുവരാനും ഇതുവഴി സാധിക്കും. ഐഫോണിലെ ഫേസ്ടൈം വീഡിയോ കോളില്‍ ഇതിന് മുന്‍പ് തന്നെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് സമാനമായ സൗകര്യങ്ങളായിരിക്കാം വാട്സാപ്പില്‍ ഇനി എത്തുന്നത്.
വാട്സ്ആപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് പുതിയ എ.ആര് ഫീച്ചറുകള്‍ എത്തുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഖം ഭംഗിയുള്ളതാക്കാനുള്ള ടച്ച് അപ്പ് ടൂളും, ലൈറ്റിന്റെ കുറവ് പരിഹരിക്കാനുള്ള ലോ ലൈറ്റ് മോഡുമെല്ലാം വാട്സ്ആപ്പിലെത്തുമെന്ന് വാബീറ്റാ ഇന്‍ഫോ വ്യക്തമാക്കുന്നു. എങ്ങനെയൊക്കെ ഒരു വീഡിയോ കോള്‍ മനോഹരമാക്കാന്‍ സാധിക്കുമോ അതെല്ലാം വാട്സ്ആപ്പിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളായി എത്തും.
അതിലൊന്നാണ് കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ ബാക്ക്ഗ്രൗണ്ട് മാറ്റാന്‍ സാധിക്കും എന്നത്. മീറ്റിങുകളും മറ്റും നടക്കുമ്പോള്‍ ഇതിനായി യോജിച്ച ബാക്ക് ഗ്രൗണ്ടുകള്‍ നമുക്ക് സെലക്ട് ചെയ്യാന്‍ കഴിയും. വാട്സ്ആപ്പിന്റെ അടുത്ത അപ്ഡേറ്റില്‍ തന്നെ ഈ ഫീച്ചറുകള്‍ അവതരിപ്പിക്കും .