കുംബ്രിയയിലെ വൈറ്റ്ഹാവനില്‍ കുടുംബവുമായി താമസിച്ചിരുന്ന മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. കോഴിക്കോട് മരുതോങ്കര സ്വദേശി നോബിള്‍ ജോസാണ് (42) യുകെലെത്തി ആറു മാസം തികയുമ്പോളേക്കും മരണത്തിന് കീഴടങ്ങിയത്. രാവിലെ വിളിച്ചിട്ടും ഉണരാതെ നോബിള്‍ നിശ്ചലമായി കിടക്കുന്നതു കണ്ടു ഭാര്യ അജിന ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും പരിശോധനയില്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
രണ്ട് വര്‍ഷം മുമ്പ് നോബിളിന് വൃക്ക മാറ്റി വയ്ക്കല്‍ നടത്തിയിരുന്നു. അതുള്‍പ്പെടെയുള്ള കടബാധ്യതകള്‍ തീര്‍ക്കുന്നതിനായാണ് നോബിളും അജിനയും യുകെയിലെത്തിയത്. മറ്റ് കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലായിരുന്നു എന്നാണ് അറിയാന്‍ സാധിച്ചത്. കഴിഞ്ഞദിവസം പതിവായുള്ള ആരോഗ്യ പരിശോധനയ്ക്കായി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മറ്റ് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നതിനാല്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.
മാനന്തവാടി തുടിയന്‍ പറമ്പില്‍ കുടുംബാംഗമായ ഭാര്യ അജിന ജോസ് വെസ്റ്റ് കുംബ്രിയ ലാന്‍ഡിലെ ഹോസ്പിറ്റലില്‍ നേഴ്സാണ്. ജോഹാന്‍ ( 12 ) അലിഷ (10) എന്നിവരാണ് മക്കള്‍. വൈറ്റ് ഹാവാനില്‍ ചര്‍ച്ച് വ്യൂ നേഴ്സിംഗ് ഹോസ്പിറ്റലില്‍ ആയിരുന്നു നോബിള്‍ ജോലി ചെയ്തിരുന്നത്. 8 മാസം മുമ്പാണ് അജിന യുകെയിലെത്തിയത്. തുടര്‍ന്നാണ് നോബിളും മക്കളും യുകെയിലെത്തിയത്.
യുകെയിലെത്തി ചുരുങ്ങിയ കാലയളവില്‍ തന്നെ ഇവിടുത്തെ മലയാളി സമൂഹത്തില്‍ നോബിള്‍ ചിരപരിചിതനായിരുന്നു. വൈറ്റ് ഹാവനിലെ കെന്‍സ് സെന്റ് മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന നോബിള്‍ സണ്‍ഡേ സ്കൂളില്‍ പഠിപ്പിക്കുന്നതിനും പ്രാര്‍ത്ഥനാ കൂട്ടായ്മകളിലും സജീവമായി പ്രവര്‍ത്തിക്കുന്നതിനും സമയം കണ്ടെത്തിയിരുന്നു. തന്റെ ഭവനത്തില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയുടെ പ്രഥമ മീറ്റിംഗ് നടത്തുന്നതിലേക്ക ആളുകളെ ക്ഷണിച്ചു ഒരുങ്ങിയിരിക്കെയാണ് മരണം അദ്ദേഹത്തെ തേടിയെത്തുന്നത്. പ്രാര്‍ത്ഥനാ കൂട്ടായ്മക്കായി ഒരുങ്ങിയ ഭവനം അതേ സമയത്തു തന്നെ ആതിഥേയനുള്ള ഒപ്പീസ്സിനും പ്രാര്‍ത്ഥനകള്‍ക്കും വേദിയാവുന്നുവെന്ന വേദനയിലാണ് സീറോമലബാര്‍ സമൂഹവും സ്നേഹിതരും മലയാളി കമ്മ്യുണിറ്റിയും.
സീറോ മലബാര്‍ മിഷന് വൈദികനായ ഫാ. അജീഷ് കുമ്പുക്കല്‍ ഇന്ന് നോബിളിന്റെ ഭവനത്തില്‍ ഒപ്പീസ് ചൊല്ലുകയും പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യും. പ്രദേശ വാസികള്‍ സഹായഹസ്തവും സാന്ത്വനവുമായി ദുംഖാര്‍ത്തരായ കുടുംബത്തോടൊപ്പം സദാ കൂടെയുണ്ട്.
നോബിള്‍ ജോസിന്റെ ആകസ്മിക നിര്യാണത്തില്‍ ബ്രിട്ടീഷ് പത്രം ആദരാജ്ഞലി അര്‍പ്പിക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുപേരുകയും ചെയ്യുന്നു.