സമയത്തിന് ഉറങ്ങണം നന്നായി ഉറങ്ങണം എന്നതെല്ലാം മുതിര്‍ന്നവര്‍ക്ക് മാത്രം ബാധകമല്ല. ഇങ്ങനെ ചെയ്യുന്നതിലെ അലംബാവം മുതിര്‍ന്നവരുടെ ആരോഗ്യം മാത്രമല്ല കുട്ടികളുടെ ആരോഗ്യത്തെയും ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
വൈകിയുള്ള ഉറക്കവും വളരെ കുറഞ്ഞ സമയം ഉള്ള ഉറക്കവും കുട്ടികളുടെ ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്. കുട്ടികളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
ആഗോളതലത്തില്‍ കൗമാരക്കാരിലും കുട്ടികളിലും രക്തസമ്മര്‍ദ്ദം കൂടിവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ കണക്കാക്കുന്നത് 12 മുതല്‍ 19 വരെ പ്രായമുള്ള ഏഴ് പേരില്‍ ഒരാള്‍ക്ക് ഹൈപ്പര്ടെന്ഷന് ഉണ്ടെന്നാണ്.
ഭക്ഷണക്രമത്തില്‍ മാറ്റവരുത്തുന്നതും ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതുമാണ് മികച്ച നോണ്‍-ഫാര്മക്കോളജിക്കല് ഇടപെടലുകളായി ഇതുവരെ കണക്കാക്കിയിരുന്നത്. എന്നാല്‍ പീഡിയാട്രിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ നല്ല ഉറക്കവും നേരത്തെ ഉറങ്ങുന്നതും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ പ്രധാനമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
നാല് മുതല്‍ 22 വരെ പ്രായമായ 539 കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ക്ലിനിക്കല്‍ പഠനം നടത്തിയത്. ഉണര്‍ന്നിരിക്കുമ്പോള്‍ ഓരോ 20 മിനിറ്റിലും ഉറങ്ങുമ്പോള്‍ ഓരോ 30 മിനിറ്റിലുമുള്ള ഇവരുടെ രക്തസമ്മര്‍ദ്ദത്തിലുള്ള മാറ്റങ്ങള്‍ ഗവേഷകര്‍ നിരീക്ഷിച്ചു. കുട്ടികളും കൗമാരക്കാരും ഒരു രാത്രി ശരാശരി ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നുണ്ട്.
ഉറക്കത്തിന്റെ ഓരോ അധിക മണിക്കൂറും രാവിലെ രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതായി പഠനത്തില്‍ പറയുന്നു. ഉറക്കമില്ലായ്മ പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണക്രമം, വര്‍ധിച്ച സമ്മര്‍ദ്ദം, കുറഞ്ഞ ജീവിത നിലവാരം എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുമെന്നും പഠനത്തില്‍ പറയുന്നു.