വയനാട് ഒഴിയാനുള്ള തീരുമാനമെടുത്തതില്‍ ഏറെ സങ്കടമുണ്ടെന്ന് അറിയിച്ച് വയനാട് ലോക്സഭാ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കത്തെഴുതി രാഹുല്‍ഗാന്ധി. തനിക്ക് സങ്കടമുണ്ട്, ഏറ്റവും ആവശ്യമുള്ളപ്പോള്‍ നിങ്ങളെനിക്ക് സംരക്ഷണം നല്കി ഏറെ ഹൃദയവേദനയോടെയാണ് മണ്ഡലം ഒഴിയാനുള്ള തീരുമാനം എടുത്തതെന്നും തുടര്‍ന്നും കൂടെയുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ വ്യക്തമാക്കുന്നു.
വയനാടിനെ പ്രതിനിധീകരിക്കാന്‍ തന്റെ സഹോദരിയായ പ്രിയങ്ക ഗാന്ധി ഉണ്ടാകും, എം.പി എന്ന നിലയില്‍ പ്രിയങ്ക ഗാന്ധി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുമെന്ന് തനിക്കു ഉറപ്പുണ്ടെന്നും രാഹുല്‍ കത്തില്‍ പറഞ്ഞു. തനിക്ക് നല്കിയ സ്നേഹം ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും താന്‍ അധിക്ഷേപം നേരിട്ടപ്പോള്‍ വയനാട്ടിലെ ജനങ്ങളുടെ സ്നേഹം തന്നെ സംരക്ഷിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണ അഭ്യര്‍ഥിച്ച് അഞ്ചുവര്‍ഷം മുന്‍പ് നിങ്ങളുടെ മുന്‍പിലേക്ക് വരുമ്പോള്‍ താന്‍ അപരിചിതനായിരുന്നുവെന്നും എന്നിട്ടും തന്നെ വയനാട്ടിലെ ജനങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തണച്ചുവെന്നും രാഹുല്‍ കത്തില്‍ പറയുന്നു.
അവാച്യമായ സ്നേഹത്തോടെയും വാത്സല്യത്തോടെയും നിങ്ങളെന്നെ സ്വീകരിച്ചു. നിങ്ങള്‍ ഏത് രാഷ്ട്രീയ പ്രസ്ഥാനത്തെ പിന്തുണച്ചുവെന്നതോ, ഏത് സമുദായത്തില്‍ നിന്നുള്ളയാളാണെന്നോ, ഏത് മതത്തില്‍ വിശ്വസിച്ചെന്നോ, ഏത് ഭാഷയാണ് സംസാരിച്ചതെന്നോ പ്രശ്നമായിരുന്നില്ല. രാജ്യത്തോട് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ ഓരോ ദിവസവും അധിക്ഷേപിക്കപ്പെട്ടപ്പോഴും വേട്ടയാടപ്പെട്ടപ്പോഴും തന്നെ ചേര്‍ത്തു നിര്‍ത്തി സംരക്ഷിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. തന്റെ അഭയവും വീടും കുടുംബവുമായിരുന്നു വയനാട്ടിലെ ജനങ്ങള്‍. തന്റെ പോരാട്ടത്തിന്റെ ഊര്‍ജ്ജ പ്രവാഹമായി വയനാട്ടിലെ ജനത നിലകൊണ്ടുവെന്നും അദ്ദേഹം എഴുതി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിനു പുറമേ യുപിയിലെ റായ്ബറേലിയില്‍ നിന്നും രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ശേഷം വയാനാട്ടില്‍ നിന്ന് രാജി വെച്ച് രാഹുല്‍ റായ്ബറേലിയില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. വയനാട്ടില്‍ നടക്കുന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി.