12 മാസ കാലയളവിനുള്ളില്‍ ഇംഗ്ലണ്ടിലെ ഏകദേശം 19,000 രോഗികള്‍ എ ആന്‍ഡ് ഇയില്‍ ചികിത്സയ്ക്കായി മൂന്ന് ദിവസം വരെ കാത്തിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
2023 ഏപ്രിലിനും 2024 മാര്‍ച്ചിനും ഇടയില്‍, A&E വകുപ്പുകളിലായി ഏകദേശം 400,000 ആളുകള്‍ 24 മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. ചാനല്‍ 4-ന്റെ ഡിസ്പാച്ചസ് പ്രോഗ്രാമില്‍ 54,000 ആളുകള്‍ക്ക് ചികിത്സ ലഭിക്കാന്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വന്നതായി കണ്ടെത്തി. എന്‍എച്ച്എസ് ഇംഗ്ലണ്ടിന് നല്കിയ വിവരാവകാശ അഭ്യര്‍ത്ഥനയിലൂടെയാണ് ഇക്കാര്യങ്ങള്‍ പുറത്തു വന്നത്.
റോയല്‍ ഷ്രൂസ്ബറി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനുള്ളില്‍ ട്രെയിനി ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി രണ്ട് മാസത്തോളം ജോലി ചെയ്യുന്ന വിവരം ഒരു റിപ്പോര്‍ട്ടര്‍ രഹസ്യമായി ചിത്രീകരിച്ച് പുറത്തുവി്ട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തു വന്നത്.
മരിക്കാന്‍ വിദൂര സാധ്യത ഉള്ളവര്‍പോലും ഇംഗ്ലണ്ടില്‍ അടിയന്തിര പരിചരണത്തില്‍ മരിക്കുകയാണെന്ന് ഒരു തിങ്ക്ടാങ്കില് നിന്നുള്ള അനലിസ്റ്റ് പറഞ്ഞു. ഇതിനെ സാധൂകരിക്കുന്ന ആശുപത്രിയിലെ എ ആന്‍ഡ് ഇ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള വേദനിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
'ഇത് ഈ ആശുപത്രിയുടെ മാത്രം പ്രശ്നമാണെന്ന് താന്‍ കരുതുന്നില്ലെന്നും നമ്മള് ഇവിടെ കണ്ട കാര്യങ്ങള്‍ ശൈത്യകാലത്ത് മാത്രം ഒതുങ്ങുന്നതല്ലെന്നും അത്യാഹിത വിഭാഗത്തില്‍ വര്‍ഷം മുഴുവനും പ്രതിസന്ധിയായിരുന്നുവെന്നും റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന് പ്രസിഡന്റ് ഡോ. അഡ്രിയന്‍ ബോയില്‍ പറഞ്ഞു. രണ്ട് ദിവസം അത്യാഹിത വിഭാഗത്തില്‍ ചെലവഴിക്കുന്നത് എയര്‍പോര്‍ട്ട് ലോഞ്ചില്‍ രണ്ട് ദിവസം ചെലവഴിക്കുന്നതിനേക്കാള്‍ മോശമാണ്. ലൈറ്റുകള്‍ അണയാത്ത സുഖകരമല്ലാത്ത ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നവരാണ് ഇവര്‍. നിരന്തരമായ ശബ്ദവും സമ്മര്‍ദ്ദങ്ങളും അനുഭവിച്ചാണ് അവര്‍ അവിടെ ചെലവഴിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തില്‍ പുറത്തു വിട്ട ഒരു വീഡിയോ ക്ലിപ്പില്‍ ജീവനക്കാരും മറ്റ് രോഗികളും കാണ്‍കെ ഇടനാഴിയിലെ ഒരു ട്രോളിയില്‍ മൂത്രമൊഴിക്കാന്‍ ഒരു വൃദ്ധനെ നിര്‍ബന്ധിക്കുന്നതായി കാണാം. മറ്റൊന്നില്‍, ഒരു സ്ത്രീ മണിക്കൂറുകളോളം വേദനയോടെ കരയുന്നതാണ് കാണുന്നത്.
ഈ കാലയളവില്‍ മൊത്തം 18,638 പേര് A&E-യില്‍ മൂന്ന് ദിവസത്തിലധികം കാത്തിരുന്നു, കഴിഞ്ഞ 12 മാസത്തെ അപേക്ഷിച്ച് 60% വര്‍ദ്ധനവ്. മറ്റ് ആശുപത്രികളെപ്പോലെ, തങ്ങളുടെ ട്രസ്റ്റും എമര്‍ജന്‍സി കെയറിന്റെ കാര്യത്തില്‍ കാര്യമായ വെല്ലുവിളികള്‍ നേരിടുന്നതായി ഹോസ്പിറ്റല്‍ ട്രസ്റ്റിന്റെ വക്താവ് പറഞ്ഞു.
''ഞങ്ങളുടെ വെല്ലുവിളികള്‍ ഞങ്ങള്‍ മനസ്സിലാക്കുകയും ഞങ്ങളുടെ സേവനങ്ങളില്‍ മെച്ചപ്പെടുത്തലുകള്‍ നടത്തുകയും ചെയ്യുന്നു. ഞങ്ങളുടെ സമീപകാല CQC റിപ്പോര്‍ട്ടില്‍ ഇത് സൂചിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്; ഇടനാഴികളില്‍ രോഗികളെ പരിചരിക്കുന്ന അവസ്ഥക്ക് മാറ്റം വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.