പവര്‍ കട്ട് മൂലം വിമാനങ്ങള്‍ വൈകുകയും റദ്ദാക്കപ്പെടുകയും ചെയ്തതിന് ഒരു ദിവസത്തിന് ശേഷം മാഞ്ചസ്റ്റര്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. വിമാനങ്ങള്‍ റദ്ദാക്കുകയും ഷെഡ്യൂള്‍ ചെയ്ത വഴിതിരിച്ചുവിടുകയും ചെയ്തതിനാല്‍ 90,000 അധികം യാത്രക്കാരെയാണ് പ്രശ്നം ബാധിച്ചത്. 1, 2 ടെര്‍മിനലുകളിലെ ചെക്ക്-ഇന്‍, പുറപ്പെടല്‍ എന്നിവ ഇപ്പോള്‍ പൂര്‍ണമായി പുനരാരംഭിച്ചതായി വിമാനത്താവളം ഒരു അപ്ഡേറ്റില്‍ അറിയിച്ചു. തിങ്കളാഴ്ച കൂടുതല്‍ തടസ്സങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും റദ്ദാക്കിയ ഫ്ലൈറ്റുകളുടെ ഷെഡ്യൂള്‍ പുനഃക്രമീകരിക്കാനും തങ്ങള്‍ ശ്രമിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
ഒരു കേബിളിന്റെ തകരാര്‍ മൂലം വൈദ്യുതി അമിതമായി പ്രവഹിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങളും ബാഗേജ് സ്ക്രീനിംഗും തകരാറിലായതിനെ തുടര്‍ന്നായിരുന്നു പ്രവര്‍ത്തന തടയ്യം നേരിട്ടതെന്ന് എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ക്രിസ് വുഡ്റൂഫ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ച് അടുത്ത ആഴ്ചയില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് 1,2 ടെര്‍മിനലുകളില്‍ നിന്നുള്ള എല്ലാ ഫ്ലൈറ്റുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ റദ്ദാക്കിയതായും യാത്രക്കാരോട് സൈറ്റിലേക്ക് വരരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ടെര്‍മിനല്‍ 3-ല്‍ നിന്ന് പറക്കേണ്ട യാത്രക്കാരെ പ്രശ്നം കാര്യമായി ബാധിച്ചില്ല.
യോര്‍ക്ക്ഷെയര്‍, വെയിക്ക് ഫീല്‍ഡ്, ഷെഫീല്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ കേരളത്തിലേക്ക് വരാന്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന എയര്‍പോര്‍ട്ട് ആണ് മാഞ്ചസ്റ്റര്‍. കൊച്ചിയില്‍ നിന്ന് മാഞ്ചസ്റ്ററിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തു പോകുന്നതിനും തിരിച്ചുമുള്ള ഒട്ടേറെ മലയാളികളെ് പ്രശ്നം ബാധിച്ചതായാണ് സൂചന. ആളുകളുടെ വലിയ ക്യൂ കാണിക്കുന്ന എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു.