ചെറു ബോട്ടുകളില്‍ കയറി യുകെയില്‍ അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണം റെക്കോഡ് ഉയരത്തില്‍. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഇത്തരത്തില്‍ രാജ്യത്ത് എത്തിയത് 11,975 ആളുകളാണ്. ഹോം ഓഫീസ് കണക്കുകള്‍ കാണിക്കുന്നത് കഴിഞ്ഞ ഞായറാഴ്ച മാത്രം നാല് ബോട്ടുകളിലായി 257 പേര് രാജ്യത്ത് എത്തി എന്നാണ്. 2022ല്‍ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസങ്ങളില്‍ 12,747 പേരാണ് ഇത്തരത്തില്‍ എത്തിയിരുന്നു. 2023ന്റെ ആദ്യ പകുതിയില്‍ 11,433 പേര് എത്തിയിരുന്നു. 2024-ല്‍ ഇതുവരെയുള്ള മൊത്തം വരവ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ (11,058) എണ്ണത്തേക്കാള്‍ 17% കൂടുതലാണ് (11,975) 2022 ലെ ഇതേ കാലയളവില്‍ 8% വര്‍ധന.
കഴിഞ്ഞ വര്‍ഷം 29,437 പേരാണ് ചെറിയ ബോട്ടുകളില്‍ ചാനല്‍ കടന്ന് യുകെയില്‍ എത്തിയത്. ഇത് 2022 ലെ 45,774 എന്ന റെക്കോര്‍ഡില്‍ നിന്നുള്ള 36 ശതമാനത്തിന്റെ കുറവാണ്.
ലേബര്‍ അധികാരത്തിലെത്തിയ യുകെയെ 'ലോകത്തിന്റെ അനധികൃത കുടിയേറ്റ തലസ്ഥാനം' ആക്കുമെന്ന ഋഷി സുനകിന്റെ ആരോപണത്തിന് പിന്നാലെയാണ് ഈ റെക്കോര്‍ഡ് കണക്കുകള്‍ പുറത്തു വരുന്നത്.
റുവാണ്ട പദ്ധതിക്ക് യുകെ സര്‍ക്കാരിന് കുറഞ്ഞത് 370 മില്യണ്‍ പൗണ്ടിന്റെ ചിലവാണ് കണക്കാക്കുന്നത്. എന്നാല്‍ പദ്ധതി പ്രകാരം ഇതുവരെ ആരെയും നാടുകടത്തിയിട്ടില്ല. അഭയം തേടിയ രണ്ട് പേര് യുകെയില്‍ നിന്ന് സ്വമേധയാ റുവാണ്ടയിലേക്ക് പോയി.
മെയ് 22 ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതേ് മുതല്‍ ഇതുവരെ ആകെ 3,000-ലധികം ചെറു ബോട്ടുകളാണ് അനധികൃത കടിയേറ്റക്കാരുമായി യുകെ തീരമണഞ്ഞത്.
കഴിഞ്ഞ ആറര വര്‍ഷത്തിനുള്ളില്‍, 127,246 ആളുകള്‍ ചാനല്‍ കടന്ന് യുകെയില്‍ എത്തിയതായി 2018-ന്റെ തുടക്കം മുതല്‍ രേഖപ്പെടുത്തിയ ഡാറ്റ കാണിക്കുന്നു. 2022 ഏപ്രിലില്‍ റുവാണ്ടയിലേക്ക് കുടിയേറ്റക്കാരെ അയക്കുന്നതിനുള്ള കരാര്‍ സര്‍ക്കാര്‍ ഉണ്ടാക്കിയതിനുശേഷം ആകെ 82,265 പേരാണ് രാജ്യത്ത് എത്തിയത്.
''ബോട്ടുകള്‍ നിര്‍ത്താന്‍'' പ്രതിജ്ഞയെടുത്ത ഋഷി സുനക് പ്രധാനമന്ത്രിയായതിന് ശേഷമുള്ള ക്രോസിംഗുകളുടെ എണ്ണം 49,964 ആണ്.
തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവുകള്‍ വിജയിച്ചാല്‍ റുവാണ്ട പദ്ധതി പിന്തുടരുമെന്ന് മന്ത്രിമാര്‍ വാഗ്ദാനം ചെയ്യുമ്പോള്‍,. അത് തങ്ങള്‍ പദ്ധതി ഒഴിവാക്കുകയും പകരം കുടിയേറ്റം തടയുന്നതിനായുള്ള എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി പണം വകമാറ്റുമെന്നാണ് ലേബര്‍ വാഗ്ദാനം ചെയ്തത്.