ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും ഓഫര്‍ വില്പനയില് വാങ്ങിയ ടി.വി. പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. ഉപഭോക്താവിന് 74,990 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റില്‍ നിന്നും വാങ്ങിയ ടി.വി. പെട്ടി തുറന്ന് ഘടിപ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തകരാറിലായിരുന്നു. ഇക്കാര്യം പരാതിക്കാരന് രേഖാമൂലം അറിയിച്ചെങ്കിലും ടിവി റിപ്പയര്‍ ചെയ്യാനോ വില തിരിച്ചു നല്‍കാനോ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് തയാറായില്ല. ഇതിന് പിന്നാലെയാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ടിവി ഒരു തവണ പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത ഉപഭോക്താവിന് റിപ്പയര്‍ ചെയ്തു നല്‍കുകയോ ടിവിയുടെ വില നല്‍കുകയോ ചെയ്യാത്ത ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് ജില്ലാ ഉപഭോക്തൃ കോടതി പറഞ്ഞു.
എറണാകുളം അയ്യപ്പന്‍കാവ് സ്വദേശിയായ ടി.യു അനീഷ് ആണ് ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റിനെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. ഓണ്‍ലൈനില്‍ വന്‍ ആദായ വില്പന പരസ്യം കണ്ടാണ് പരാതിക്കാരെ 49,990/- രൂപ വിലയുള്ള പാനസോണിക് 147 സി എം ഫുള്‍ എച്ച് ഡി എല്‍.ഇ.ഡി ടിവി വാങ്ങിയത്. എന്നാല്‍ ഇത് ഘടിപ്പിക്കാന്‍ പോലും കഴിയാത്ത തരത്തില്‍ തകരാറിലായിരുന്നു.
49,990 രൂപ നഷ്ടപരിഹാരവും കോടതി ചിലവ് ഇനത്തില്‍ 25,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് കോടതി പ്രസിഡന്റ് ഡി. ബി. ബിനു, മെമ്പര്‍മാരായ വി.രാമചന്ദ്രന് , ടി എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് എതിര്‍കക്ഷികള്‍ക്ക് നിര്‍ദേശം നല്കി.