കേരളത്തിലെ പ്രൊഫഷനല്‍ ഫുട്ബോള്‍ ടീമിന്റെ സഹ ഉടമയാകുന്ന ആദ്യ ചലച്ചിത്ര താരമായി പൃഥ്വിരാജ്. സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) ഫുട്ബോള്‍ ടീമായ കൊച്ചി പൈപ്പേഴ്സില്‍ അദ്ദേഹം ഓഹരി പങ്കാളിത്തമെടുത്തതായാണ് സൂചന.
നേരത്തെ തൃശ്ശൂര്‍ റോര്‍സ് ടീമില്‍ ഓഹരി പങ്കാളിത്തമെടുക്കാന്‍ നിലവിലെ ഉടമകളുമായി നടന് ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. തുടര്‍ന്നാണ് കൊച്ചി ടീമില്‍ പങ്കാളിയായത്. മുന്‍ രാജ്യന്തര ടെന്നീസ് താരവും എസ്ജി സ്പോര്‍ട്സ് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്സ് സിഒ മഹേഷ് ഭൂപതിയും ചലച്ചിത്ര താരം ലാറ ദത്തയുമാണ് നിലവില്‍ കൊച്ചി പൈപ്പേഴ്സ് ടീം ഉടമകള്‍.
പൃഥ്വിരാജും പങ്കാളി സുപ്രിയ മേനോനും കൂടി സഹ ഉടമകളാകുന്നതോടെ ടീം എസ്എല്‍കെ സെലിബ്രിറ്റി ടീമായി മാറും. കേരളത്തിലെ ആദ്യ പ്രൊഫഷണല്‍ ഫുടബോള്‍ ലീഗായ എസ്എല്‍കെ സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന് പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കേരള ഫുട്ബോള്‍ അസോസിയേഷനും സ്കോര്‍ലൈന്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന എസ്എല്‍കെ ഈ വര്‍ഷം സെപ്റ്റംബറില്‍ ആരംഭിക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കോഴിക്കോട് ഇഎംഎസ് കോര്പ്പറേഷന് സ്റ്റേഡിയം, മഞ്ചേരി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.