അയോധ്യയിലെ രാമക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ ചോര്‍ച്ച ഉണ്ടായ സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ധ്രുവ് അഗര്‍വാള്‍, അസിസ്റ്റന്‍ന്റ് എഞ്ചിനീയര്‍ അനൂജ് ദേശ്വാള്, ജൂനിയര്‍ എഞ്ചിനീയര്‍ പ്രഭാത് പാണ്ഡെ, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആനന്ദ് കുമാര്‍ ദുബെ, അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജേന്ദ്ര കുമാര്‍ യാദവ്, ജൂനിയര്‍ എഞ്ചിനീയര്‍ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വെള്ളിയാഴ്ച സ്പെഷ്യല്‍ സെക്രട്ടറി വിനോദ് കുമാറിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പിഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍ വി കെ ശ്രീവാസ്തവാണ് പ്രഭാത് പാണ്ഡെയെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
വിഷയവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ആസ്ഥാനമായുള്ള കരാറുകാരായ ഭുവന് ഇന്‍ഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ക്ഷേത്രനിര്‍മ്മാണത്തില്‍ അനാസ്ഥയുണ്ടെന്ന് ആരോപിച്ച് രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് രംഗത്തെത്തിയിരുന്നു.
കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയോടെ ക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ക്ഷേത്രത്തിലേക്കുള്ള വഴിയിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരുന്നു. അതേസമയം, ശ്രീകോവിലിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും താഴേക്ക് ഒഴുകിയിട്ടില്ലെന്ന് രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് വ്യാഴാഴ്ച പറഞ്ഞു.