ഒടുവില്‍ ഇന്ത്യ വീണ്ടും ലോക കിരീടത്തില്‍ മുത്തമിട്ടു. പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആണ് ടി20 ലോക കിരീടം സ്വന്തമാക്കുന്നത്. അത്യന്തം ആവേശകരമായ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഏഴ് റണ്‍സിനാണ് വിജയം പിടിച്ചത്.
മികച്ച തുടക്കവുമായി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായി രോഹിത്തിന്റെ വിക്കറ്റ് ആദ്യം നഷ്ടമായി. പിറകേ പന്തും, സൂര്യ കുമാറും ഔട്ടായി. കോഹ്ലിയുടെ അര്‍ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ നേടാന്‍ സഹായിച്ചത്. അവസാന ഓവറില്‍ മില്ലറിനെ പുറത്താക്കിയ സൂര്യ കുമാര്‍ യാദവിന്റെ ക്യാച്ചാണ് നിര്‍ണായകമായത്.
മോശം ഫോമിന്റെ പേരില്‍ ടൂര്‍ണമെന്റില്‍ ഉടനീളം വിമര്‍ശനം ഏറ്റുവാങ്ങിയ കോഹ്ലിയുടെ അര്‍ധസെഞ്ച്വറിയാണ് ഭേദപ്പെട്ട സ്കോറിലേക്ക് ടീം ഇന്ത്യയെ നയിച്ചത്. 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നേടിയത്. 59 പന്തില്‍ 76 റണ്‍സാണ് കോഹ്ലി നേടിയത്.
ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കക്ക് എട്ട് റണ്‍സെടുക്കാനാനേ ആയുള്ളൂ. സ്പിന്നര്‍മാര്‍ നിറം മങ്ങിയ മത്സരത്തില്‍ പേസ് ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നു. ഇന്ത്യയുടെ 177 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക പോരാട്ടം 20 ഓവറില്‍ 169-8 എന്ന നിലയില്‍ അവസാനിച്ചു.
ഹെന്റിച് ക്ലാസന് 52 റണ്‍സുമായി പ്രോട്ടിയാസ് നിരയിലെ ടോപ് സ്കോററായി. ട്രിസ്റ്റന്‍ സ്റ്റബ്സ് (31), ക്വിന്റണ്‍ ഡികോക്ക് (39) എന്നിവര്‍ ചെറുത്തുനിന്നെങ്കിലും അവസാന ഓവറില്‍ ഇന്ത്യ കളി തിരിച്ചു പിടിക്കുകയായിരുന്നു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തി. വിരാട് കോഹ്ലി കളിയിലെ താരമായി. ലോകകപ്പിലുടനീളം അത്യുഗ്രന്‍ ബൗളിങ് പ്രകടനം കാഴ്ചവെച്ച ജസ്പ്രീത് ബുംറ ടൂര്‍ണമെന്റിലെ താരവുമായി.