തിരുവനന്തപുരം : കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി എത്തുന്ന നാല് വര്‍ഷ ബിരുദ കോഴ്സിന് ഇന്ന് തുടക്കമാകും. 'വിജ്ഞാനോത്സവ'ത്തോടെയാണ് സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നത്.
ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. മന്ത്രി ഡോ. ആര്. ബിന്ദു അദ്ധ്യക്ഷയാവും. നവാഗതരെ മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരിക്കും.
തുടര്‍ന്ന് നാലുവര്‍ഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയന്റേഷന്‍ ക്ലാസുണ്ടാവും. ഏകീകൃത അക്കാഡമിക് കലണ്ടര്‍ പ്രകാരമായിരിക്കും ക്ലാസ്. യു.ജി.സി നിര്‍ദ്ദേശിച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സിലബസ്. നൈപുണ്യ വികസന കോഴ്സുകളും സ്കില്‍ ഡെവലപ്മെന്റ് കേന്ദ്രങ്ങളും തുടങ്ങും. വിദേശത്തേതു പോലെ വിദ്യാര്‍ത്ഥിക്ക് സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളുമനുസരിച്ച് വിഷയ കോമ്പിനേഷന്‍ തിരഞ്ഞെടുത്ത് സ്വന്തം ബിരുദ ഘടന രൂപകല്പന ചെയ്യാനാവും.